ഗസ്സ പുനഃർനിർമാണവും പുനരുദ്ധാരണവും എളുപ്പമല്ല ; ഫലസ്തീൻ അംബാസഡർ
കോഴിക്കോട് : യുദ്ധബാധിതമായ ഗസ്സയുടെ പുനഃസ്ഥാപനവും പുനഃർനിർമാണവും അത്ര എളുപ്പമല്ലന്ന് ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അബ്ദുല്ല അബു ഷാവേശ്. മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇത് ഒരു ഒരു ദീർഘിച്ച പ്രക്രിയ ആയിരിക്കും. ഐക്യരാഷ്ട്രസഭ, യൂറോപ്യൻ യൂനിയൻ, ലോകബാങ്ക് എന്നിവയുമായി സഹകരിച്ച് ഫലസ്തീൻ നാഷനൽ അതോറിറ്റി നടത്തിയ ഒരു പഠനമനുസരിച്ച് വീണ്ടെടുക്കലിനും പുനഃർനിർമാണത്തിനുമുള്ള ചെലവ് 57 ബില്യൺ ഡോളർ വരുമെന്നാണ്. ഇസ്രായേൽ നമ്മെ ജോലി ആരംഭിക്കാൻ അനുവദിച്ചാൽ മാത്രമേ അത് സംഭവിക്കൂ. ഓരോ പൗരനും ആഘാതം അനുഭവിക്കുമ്പോൾ സാധാരണ നിലയിലേക്ക് മടങ്ങാൻ കഴിയില്ല -ഷാവേശ് പറഞ്ഞു.
tRootC1469263">ഗസ്സയിൽ ഇപ്പോൾ നടക്കുന്ന വെടിനിർത്തലിനെക്കുറിച്ച് ചോദിച്ചപ്പോൾ, വെടിനിർത്തൽ എന്നത് അവ്യക്തവും സത്യവിരുദ്ധവുമായ ഒരു പദമാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് സൈന്യങ്ങൾ പരസ്പരം പോരടിക്കുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഗസ്സയിൽ സ്ഥിതി അങ്ങനെയല്ല. അമേരിക്കയുടെയും മറ്റ് നിരവധി പാശ്ചാത്യ രാജ്യങ്ങളുടെയും പിന്തുണയുള്ള ഇസ്രായേൽ അധിനിവേശ സൈന്യം ആരംഭിച്ച യുദ്ധമാണിത്. ഐക്യരാഷ്ട്രസഭ പറഞ്ഞതുപോലെ, ഇസ്രായേൽ ഇപ്പോഴും ഗസ്സയിൽ വെടിവെപ്പും കൊലയും നിർത്തിയിട്ടില്ല. വെടിനിർത്തൽ പ്രഖ്യാപിച്ചതിനുശേഷം 500ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്നും ഷാവേശ് പറഞ്ഞു.
ഗസ്സയിൽ ഒരു വിനാശകരമായ സാഹചര്യം നിലനിൽക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 90ശതമാനത്തിലധികം ആളുകളും ആഭ്യന്തരമായി കുടിയിറക്കപ്പെട്ടു. ഈ ശൈത്യകാലത്ത് ബഹുഭൂരിപക്ഷവും കൂടാരങ്ങളിലാണ് താമസിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും തകർന്നിരിക്കുന്നു. കുട്ടികൾ സ്കൂളുകളിൽ പോകുന്നില്ല. സർവകലാശാലകൾ പ്രവർത്തനരഹിതമാണ്. ആവശ്യത്തിന് മാനുഷിക സഹായം ഇല്ലെന്ന് യു.എൻ പോലും പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.jpg)


