കൊടുംതണുപ്പിൽ നേപ്പാളിൽ അഞ്ചു മരണം
Nov 20, 2023, 18:06 IST

കാഠ്മണ്ഡു: നേപ്പാളിൽ കൊടുംതണുപ്പിനെ തുടർന്ന് രണ്ടു സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. ഭൂകമ്പബാധിത മേഖലയായ ജജർകോട്ട് ജില്ലയിൽ താൽക്കാലിക തമ്പുകളിൽ താമസിച്ചിരുന്ന വയോധികരാണ് മരിച്ചത്. നവംബർ മൂന്നിനുണ്ടായ ഭൂചലനത്തിൽ ജജർകോട്ടിൽ 153 പേർ കൊല്ലപ്പെടുകയും നിരവധി ആളുകൾ ഭവനരഹിതരാകുകയും ചെയ്തിരുന്നു.
34,000ത്തിലധികം കുടുംബങ്ങൾ വീട് പൂർണമായി തകർന്നതിനാൽ താൽക്കാലിക തമ്പുകളിൽ താമസിക്കുന്നു. കുട്ടികളും പ്രായമായവരും മാറാരോഗികളും പുതുതായി പ്രസവിച്ചവരും ഉൾപ്പെടെ പ്രയാസകരമായ സാഹചര്യത്തിലാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.