ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ വീണ്ടും ആക്രമണമുണ്ടായെന്ന വാർത്ത നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം

Extensive diplomatic partnership between India and Saudi Arabia: Randhir Jaiswal

 ന്യൂഡൽഹി: ഒമാൻ തീരത്ത് വെച്ച് ഇന്ത്യൻ ജീവനക്കാരുള്ള കപ്പലിന് നേരെ വീണ്ടും യു.എസ് ആക്രമണം നടന്നെന്ന റിപ്പോർട്ടുകൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.

'ലിയാക്കി ഫ്രീഡം' എന്ന കപ്പലിന് നേരെ യു.എസ് സൈന്യം ആക്രമണം നടത്തിയെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, കപ്പലിന്റെ മാസ്റ്ററുമായി നേരിട്ട് സംസാരിച്ചുവെന്നും അദ്ദേഹം ഇക്കാര്യം നിഷേധിച്ചുവെന്നും ഇന്ത്യ്വ വിദേശകാര്യ വക്താവ് പറഞ്ഞു. കപ്പലിലെ മുഴുവൻ ജീവനക്കാരും സുരക്ഷിതരാണെന്ന് മാസ്റ്റർ സ്ഥിരീകരിച്ചതായും ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.

നേരത്തെ, കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കപ്പലിലെ വി.എച്ച്.എഫ് റേഡിയോ പ്രതികരിക്കുന്നില്ലെന്നും എന്നാൽ കപ്പലിന്റെ സ്ഥാനം ട്രാക്ക് ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെന്നും യൂണിയൻ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ വിശദീകരണവുമായി രംഗത്തെത്തിയത്.

ഗൾഫ് മേഖലയിൽ ഇന്ത്യൻ നാവികർ ജോലി ചെയ്യുന്ന കപ്പലുകൾക്ക് നേരെ അടുത്തിടെയായി നിരവധി ആക്രമണങ്ങളാണ് നടക്കുന്നത്. ജൂൺ മാസത്തിൽ മാത്രം ഇത്തരം നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹുർമുസ് കടലിടുക്കിന് സമീപം എം.ടി സെറ്റബെല്ലോ ടാങ്കറിന് നേരെ നടന്ന യു.എസ് മിസൈൽ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും 21 പേർ രക്ഷപ്പെടുകയും ചെയ്തു.

ദിവസങ്ങൾക്ക് മുമ്പ് എം.ടി ജൽവീർ എന്ന കപ്പലിന്റെ എൻജിൻ റൂമിലേക്ക് യു.എസ് യുദ്ധവിമാനം മിസൈൽ തൊടുത്തുവിട്ടു. ഭാഗ്യവശാൽ 20 ജീവനക്കാരും സുരക്ഷിതരായിരുന്നു. മാരിവെക്സ് എന്ന ടാങ്കറിന് നേരെയും യു.എസ് യുദ്ധവിമാനം ആക്രമണം നടത്തിയിരുന്നു. ഇറാൻ തുറമുഖങ്ങളിലേക്കുള്ള ഉപരോധം ലംഘിക്കാൻ ശ്രമിച്ചതിനാലാണ് കപ്പലുകൾക്ക് നേരെ നടപടി സ്വീകരിച്ചതെന്നാണ് യു.എസ് സെൻട്രൽ കമാൻഡിന്റെ വിശദീകരണം. 

Tags