സംസ്‌കരിക്കാന്‍ മൃതദേഹം വിട്ടുനല്‍കിയില്ല, തര്‍ക്കത്തിന് പിന്നാലെ എബോള ചികിത്സാ കേന്ദ്രത്തിന് തീയിട്ട് ജനക്കൂട്ടം

tent ebola

എബോള ബാധിതരുടെ മൃതദേഹങ്ങളില്‍ നിന്നും രോഗം പടരാന്‍ വലിയ സാധ്യതയുള്ളതിനാല്‍ കടുത്ത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ സംസ്‌കാരം നടത്താവൂ എന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എബോള ചികിത്സാ കേന്ദ്രം ജനക്കൂട്ടം തീയിട്ടു നശിപ്പിച്ചു. എബോള വലിയ രീതിയില്‍ പടര്‍ന്ന് പിടിച്ചതോടെയാണ് സംഭവം. മരിച്ച വ്യക്തിയുടെ മൃതദേഹം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് അക്രമത്തില്‍ കലാശിച്ചത്.  ഇറ്റൂരി പ്രവിശ്യയിലെ റാംപാര എന്ന നഗരത്തില്‍ വ്യാഴാഴ്ചയാണ് ഈ അക്രമസംഭവം അരങ്ങേറിയത്. എബോള ബാധിച്ച് മരിച്ചുവെന്ന് കരുതപ്പെടുന്ന ഒരു പ്രാദേശിക ഫുട്‌ബോള്‍ കളിക്കാരന്റെ മൃതദേഹം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിട്ടുനല്‍കാന്‍ അധികൃതര്‍ വിസമ്മതിച്ചതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.

എബോള ബാധിതരുടെ മൃതദേഹങ്ങളില്‍ നിന്നും രോഗം പടരാന്‍ വലിയ സാധ്യതയുള്ളതിനാല്‍ കടുത്ത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ സംസ്‌കാരം നടത്താവൂ എന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, തങ്ങളുടെ പ്രിയപ്പെട്ടവന് അവസാന കര്‍മ്മങ്ങള്‍ ചെയ്യാന്‍ അനുവദിക്കാത്തത് ക്രൂരതയാണെന്ന് ആരോപിച്ച് ഒരു കൂട്ടം യുവാക്കള്‍ കേന്ദ്രത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. അക്രമികള്‍ കെട്ടിടത്തിനുള്ളിലേക്ക് അതിക്രമിച്ചു കയറി സാധനങ്ങള്‍ തല്ലിത്തകര്‍ക്കുകയും എബോള രോഗികള്‍ക്കായി ഒരുക്കിയിരുന്ന ടെന്റുകള്‍ക്ക് തീയിടുകയും ചെയ്തു.

അന്ന് സംസ്‌കരിക്കാന്‍ വെച്ചിരുന്ന ഒരു മൃതദേഹവും ടെന്റുകള്‍ക്കൊപ്പം പൂര്‍ണ്ണമായി കത്തിയമര്‍ന്നു. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ പൊലീസ് കണ്ണീര്‍വാതകവും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്‌തെങ്കിലും അക്രമികളെ തടയാന്‍ കഴിഞ്ഞില്ല. അക്രമം ഭയന്ന് സന്നദ്ധപ്രവര്‍ത്തകര്‍ വാഹനങ്ങളില്‍ അവിടെനിന്നും രക്ഷപ്പെട്ടു. കേന്ദ്രത്തില്‍ ചികിത്സയിലുണ്ടായിരുന്ന ആറ് രോഗികളെ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Tags