ഫിലിപ്പീന്‍സില്‍ ഭൂചലനം

earthquake
മനില: ഫിലിപ്പീന്‍സില്‍ വന്‍ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തി.മിന്‍ഡനാവോ മേഖലയില്‍ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4.14 ഓടെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഭൗമാന്തര്‍ഭാഗത്ത് പത്ത് കിലോമീറ്റര്‍ ആഴത്തില്‍ പ്രഭവകേന്ദ്രം രേഖപ്പെടുത്തിയ ഭൂകമ്പം സുനാമിയിലേക്ക് നയിക്കാന്‍ സാധ്യതയില്ലെന്ന് പസഫിക് സുനാമി വാണിങ് സെന്റര്‍ അറിയിച്ചു.

പ്രകമ്പനത്തിന് 7.2 തീവ്രത രേഖപ്പെടുത്തിയതായാണ് ഫിലിപ്പീന്‍സ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് വോള്‍ക്കാനോളജി ആന്‍ഡ് സീസ്മോളജി പ്രതികരിച്ചത്. ഭൂചലനത്തെ തുടര്‍ന്നുള്ള ആദ്യവാര്‍ത്തകളില്‍ അനിഷ്ടസംഭവങ്ങളേക്കുറിച്ച് പരാമര്‍ശമില്ല. പ്രകമ്പനം ഏതാനും സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനിന്നതായി ഫിലിപ്പീന്‍സ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് വോള്‍ക്കാനോളജി ആന്‍ഡ് സീസ്മോളജി പറഞ്ഞു. തുടര്‍ചലനങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തീവ്രഭൂചലനത്തെ തുടര്‍ന്ന് കെട്ടിടത്തിന്റെ ഭിത്തികളില്‍ വിള്ളലുണ്ടായതായും കമ്പ്യൂട്ടറുകളില്‍ ചിലത് നിലത്ത് വീണതായും ജനറല്‍ സാന്റോസില്‍ റേഡിയോ അനൗണ്‍സറായ ലെനി അരാനേഗോ പറഞ്ഞു. ജനറല്‍ സാന്റോസിലെ വിമാനത്താവളത്തില്‍നിന്ന് യാത്രികരെ അടിയന്തരമായി ഒഴിപ്പിച്ചു. കെട്ടിടങ്ങള്‍ തകര്‍ന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.

ശാന്തസമുദ്രത്തിന്റെ ‘റിങ് ഓഫ് ഫയര്‍’ എന്നറിയപ്പെടുന്ന മേഖലയില്‍ സ്ഥിതിചെയ്യുന്നതിനാല്‍ത്തന്നെ ഫിലിപ്പീന്‍സില്‍ ഭൂചലനങ്ങള്‍ സാധാരണമാണ്. സജീവമായ അഗ്‌നിപര്‍വതങ്ങള്‍ നിരവധിയുള്ള ശാന്തസമുദ്രമേഖലയാണ് ‘റിങ് ഓഫ് ഫയര്‍’ എന്നറിയപ്പെടുന്നത്.

Tags