പൊലീസ് നായ്ക്കൾക്കായി ലോകത്തെ ആദ്യ 'സ്മാർട്ട് കെന്നൽ മോണിറ്ററിങ്' സംവിധാനം അവതരിപ്പിച്ച് ദുബൈ പൊലീസ്

Dubai Police introduces world's first 'smart kennel monitoring' system for police dogs

ദുബൈ: പൊലീസ് നായ്ക്കളുടെ ആരോഗ്യവും താമസസാഹചര്യങ്ങളും 24 മണിക്കൂറും തത്സമയം നിരീക്ഷിക്കുന്നതിനായി ലോകത്തെ ആദ്യത്തെ സ്മാർട്ട് കെന്നൽ മോണിറ്ററിങ് സംവിധാനം ദുബൈ പൊലീസ് അവതരിപ്പിച്ചു. ദുബൈയിൽ നടന്ന 'വേൾഡ് പൊലീസ് സമ്മിറ്റി'ലാണ് ഈ നൂതന സാങ്കേതികവിദ്യ പുറത്തിറക്കിയത്. മൊബൈൽ ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചിട്ടുള്ള സ്മാർട്ട് സെൻസറുകൾ ഉപയോഗിച്ചാണ് പുതിയ സംവിധാനം പ്രവർത്തിക്കുന്നത്.

നായ്ക്കളുടെ കൂടുകളിലെ താപനില, അന്തരീക്ഷ സാഹചര്യങ്ങൾ, അവയുടെ ആരോഗ്യനില എന്നിവ എപ്പോഴും നിരീക്ഷിക്കാനും എന്തെങ്കിലും അസ്വാഭാവികതയോ പ്രശ്നങ്ങളോ ഉണ്ടായാൽ ഉടൻ തന്നെ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകാനും ഇതിലൂടെ സാധിക്കും. ഉദ്യോഗസ്ഥർക്ക് തങ്ങളുടെ മൊബൈൽ ഫോണിലൂടെ എവിടെയിരുന്നും കൂടുകളിലെ അവസ്ഥ പരിശോധിക്കാൻ കഴിയുന്നതിനാൽ, ജീവനക്കാർ നേരിട്ടെത്തി നിരന്തരം പരിശോധന നടത്തേണ്ട സാഹചര്യം ഒഴിവാകും.

ദുബൈ പൊലീസിന്റെ കെ-9 (K9) യൂണിറ്റ് ഓരോ വർഷവും കുറഞ്ഞത് 3,000 ദൗത്യങ്ങളാണ് കൈകാര്യം ചെയ്യുന്നത്. കുറ്റാന്വേഷണ രംഗത്തും, തിരുത്തൽ കേന്ദ്രങ്ങളിലും, മറ്റ് സുരക്ഷാ വിഭാഗങ്ങളിലും പുതിയ സ്മാർട്ട് കെന്നൽ സംവിധാനം വലിയ മുതൽക്കൂട്ടാകും. അത്യാധുനിക സാങ്കേതികവിദ്യകൾ, പ്രത്യേക പരിശീലനം, അന്താരാഷ്ട്ര തലത്തിലെ മികച്ച രീതികൾ എന്നിവ സമന്വയിപ്പിച്ച് കെ-9 സുരക്ഷാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Tags