റഷ്യൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ഡ്രോൺ ബോട്ടുകളുടെ ആക്രമണം; 23 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

Drone boats attack oil tanker off Russian coast; 23 Indians rescued

മോസ്കോ: റഷ്യയുടെ കരിങ്കടൽ തീരത്തിന് സമീപം ലൈബീരിയൻ പതാകയേന്തിയ എണ്ണക്കപ്പലിന് നേരെ ഡ്രോൺ ബോട്ടുകളുടെ ആക്രമണം. കപ്പലിൽ ഉണ്ടായിരുന്ന 23 പേരും ഇന്ത്യക്കാരാണെന്നും ഇവരെ രക്ഷപ്പെടുത്തിയെന്നും റഷ്യൻ അധികൃതർ അറിയിച്ചു. ആർക്കും പരുക്കില്ലെന്നാണ് പ്രാഥമിക വിവരം. റഷ്യയിലെ പ്രശസ്ത വിനോദസഞ്ചാര നഗരമായ സോച്ചിക്ക് സമീപമാണ് സംഭവം.കപ്പലിലെ ജീവനക്കാരെ തീരത്തേക്ക് മാറ്റിയെന്ന് റഷ്യൻ ഗതാഗത മന്ത്രാലയ വക്താവ് ടാസ് വാർത്താ ഏജൻസിയോട് പറഞ്ഞു. ‘അഫ്രാമാക്‌സ് റിയോ’ എന്ന എണ്ണക്കപ്പലിന് നേരെയാണ് ചൊവ്വാഴ്ച ആളില്ലാ കപ്പലുകൾ (യുഎസ്‌വി) ആക്രമണം നടത്തിയത്. 

ആക്രമണത്തെ തുടർന്ന് കപ്പൽ കത്തിക്കൊണ്ടിരിക്കുകയാണെന്നും റഷ്യൻ ഗതാഗത മന്ത്രാലയം അറിയിച്ചു.
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതായി റഷ്യൻ ഗതാഗതമന്ത്രി ആൻഡ്രേ നികിറ്റിൻ ഉന്നതതല യോഗം വിളിച്ചുചേർത്തു. തീപിടിത്തം അതിരൂക്ഷമായിരുന്നതിനാൽ തുടക്കത്തിൽ രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചില്ല. തീയുടെ തീവ്രത കുറഞ്ഞാൽ മാത്രമേ രക്ഷാപ്രവർത്തന കപ്പലുകൾക്ക് സുരക്ഷിതമായി ടാങ്കറിന് സമീപമെത്താൻ കഴിയുകയുള്ളൂ. മുൻകരുതൽ നടപടിയുടെ ഭാഗമായി സോച്ചിയിലെ ബീച്ചുകളിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിരോധിച്ചു.
 

Tags