മക്കക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയിട്ടില്ല; സൗദിയുടെ വാദം തള്ളി ഹൂഥികൾ
സൻആ: മക്കയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന സൗദി ആരോപണത്തെ തള്ളി യമനിലെ ഹൂഥികൾ. സൗദിയുടെ വാദം തികഞ്ഞ 'നുണ'യാണെന്നും വിശുദ്ധ നഗരത്തിനോ മറ്റ് ഇസ്‌ലാമിക പുണ്യസ്ഥലങ്ങൾക്കോ യമനിൽ നിന്ന് യാതൊരു ഭീഷണിയുമില്ലെന്ന് ഹൂഥികൾ വ്യക്തമാക്കി. സൗദിയുടെ ആരോപണത്തെ ഹൂഥി സൈനിക വക്താവ് യഹ്യ സരിയ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് തള്ളിക്കളഞ്ഞത്. തങ്ങളുടെ സൈനിക നടപടികളിലൂടെ ലക്ഷ്യമിട്ടത് സൗദിയുടെ സൈനിക-എണ്ണ കേന്ദ്രങ്ങളെയാണ്, യമനിൽ നിന്ന് പുണ്യസ്ഥലങ്ങൾക്ക് യാതൊരു ഭീഷണിയുമില്ലെന്നും യഹ്യ സരിയ പറഞ്ഞു. കഴിഞ്ഞ ആഴ്ച സൗദി വിമാനങ്ങൾ 450ലേറെ ആക്രമണങ്ങൾ നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചൊവ്വാഴ്ച മക്കയുടെ തെക്ക് ഭാഗത്തായി സംശയാസ്പദമായ രീതിയിൽ ബൂബി ട്രാപ്പ്ഡ് ഡ്രോണിനെ കണ്ടെത്തിയിരുന്നു. ഇതിനെ തടഞ്ഞ് നശിപ്പിക്കുകയായിരുന്നുവെന്ന് സൗദി വ്യക്തമാക്കി. മക്ക നഗരത്തിന്റെ നിയന്ത്രിത വ്യോമാതിർത്തിയിലേക്ക് പ്രവേശിക്കുന്നതിന് മുൻപായിരുന്നു ഇത്. ഇതേത്തുടർന്നാണ് മക്കയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.
അതേസമയം, മക്കക്കും മദീനക്കും എതിരെ ഹൂഥികൾ നടത്തിയെന്ന് പറയപ്പെടുന്ന ആക്രമണങ്ങളെ ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി. ശക്തമായി അപലപിച്ചു. സൗദിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച സംഘടന, പുണ്യസ്ഥലങ്ങളുടെ പവിത്രതയും മുസ്‌ലിംകളുടെ സുരക്ഷയും ഉറപ്പാക്കാൻ അടിയന്തര നടപടികൾ വേണമെന്നും ആവശ്യപ്പെട്ടു.
.jpg)

