യു.എസ് ഉൽപന്നങ്ങൾക്കുള്ള അധിക തീരുവ കുറക്കാൻ ഇന്ത്യ സമ്മതിച്ചു ; ഡോണൾഡ് ട്രംപ്


ന്യൂയോർക്: യു.എസ് ഉൽപന്നങ്ങൾക്കുള്ള അധിക തീരുവ കുറക്കാൻ ഇന്ത്യ സമ്മതിച്ചെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിവിധ രാജ്യങ്ങൾക്കെതിരെ തീരുവ യുദ്ധം തുടരുന്ന ട്രംപ്, നേരത്തെ ഇന്ത്യ യു.എസ് ഉൽപന്നങ്ങൾ വിൽക്കാൻ സാധിക്കാത്തവിധം തീരുവ ചുമത്തുന്നതായി പറഞ്ഞിരുന്നു. സമ്പദ്‍വ്യവസ്ഥയുടെയും വ്യാപാരത്തിന്റെയും വീക്ഷണകോണിൽ നിന്ന് പറയുമ്പോൾ ലോകത്തെ എല്ലാ രാജ്യങ്ങളും അമേരിക്കയെ പറ്റിക്കുകയാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.
ഇന്ത്യയിൽ ഒരു യു.എസ് ഉൽപന്നവും വിൽക്കാനാകാത്ത വിധം തീരുവയാണ്. അവിടെ അമേരിക്ക കാര്യമായ ഒരു വ്യാപാരവും നടത്തുന്നില്ല. എന്നാൽ, കാര്യങ്ങൾ വ്യക്തമാക്കിയതിന് പിന്നാലെ അവർ തീരുവ കുറക്കാമെന്ന് പറഞ്ഞിട്ടുണ്ട്.
ഇതേ കാര്യമാണ് ചൈനയുടെയും മറ്റ് പല രാജ്യങ്ങളുടെയും കാര്യത്തിൽ നിലനിൽക്കുന്നത്. യൂറോപ്യൻ യൂനിയൻ പല വിധത്തിലാണ് അമേരിക്കയെ ദുരുപയോഗപ്പെടുത്തുന്നതെന്ന് ട്രംപ് കൂട്ടിച്ചേർത്തു. കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയൽ വ്യാപാര ചർച്ചകൾക്കായി യു.എസിലുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ട്രംപിന്റെ പ്രതികരണമുണ്ടായത്.