ഇറാൻ പുതുതായി സമർപ്പിച്ച സമാധാന കരാറിൻറെ ഏകദേശ രൂപം തനിക്ക് ലഭിച്ചു ; ഡോണൾഡ് ട്രംപ്

trump

 വാഷിങ്ടൺ: ഇറാൻ പുതുതായി സമർപ്പിച്ച സമാധാന കരാറിൻറെ ഏകദേശ രൂപം തനിക്ക് ലഭിച്ചതായും പൂർണരൂപത്തിനായി കാത്തിരിക്കുകയാണെന്നും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. തെഹ്റാൻ വീണ്ടും പ്രകോപനം സൃഷ്ടിച്ചാൽ സൈനിക ആക്രമണം പുനരാരംഭിക്കുമെന്നും ട്രംപ് ഭീഷണിമുഴക്കി.

ഹുർമുസ് കടലിടുക്ക് പൂർണമായി കപ്പൽ ഗതാഗതത്തിന് തുറന്നുകൊടുക്കാനും യു.എസ് നാവിക ഉപരോധം അവസാനിപ്പിക്കാനും നിർദേശിക്കുന്ന ഇറാൻറെ പുതിയ കരാർ, ആണവ വിഷയത്തിലുള്ള ചർച്ച പിന്നീട് നടത്താമെന്നും പറയുന്നു. എന്നാൽ ട്രംപ് ഈ നിർദേശം തള്ളിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇറാൻ ഇതുവരെ ചെയ്ത കാര്യങ്ങൾക്ക് വലിയ വില നൽകിയിട്ടില്ലെന്നും ട്രംപ് സമൂഹമാധ്യമ കുറിപ്പിലൂടെ വ്യക്തമാക്കി.

ഇറാൻറെ പുതിയ കരാറിനെക്കുറിച്ച് കേട്ടതായും കൂടുതൽ വ്യക്തതക്കായി കാത്തിരിക്കുകയാണെന്നും ട്രംപ് ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇറാന് മേൽ വീണ്ടും ആക്രമണം നടത്തുമോ എന്ന ചോദ്യത്തിന്, 'അവർ മോശമായി പെരുമാറിയാൽ ആക്രമണത്തിന് സാധ്യതയുണ്ട്' എന്നായിരുന്നു ട്രംപിന്റെ മറുപടി. എങ്കിലും മാനുഷിക പരിഗണന വെച്ച് സൈനിക നീക്കത്തിന് താൻ താൽപര്യപ്പെടുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. ആഗോള എണ്ണ വിതരണത്തിൻറെ 20 ശതമാനവും കടന്നുപോകുന്ന ഹുർമുസ് കടലിടുക്കിലെ ഉപരോധം അമേരിക്കയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധന വിലയും ആവശ്യ വസ്തുക്കളുടെ വിലയിലും ഗണ്യമായ വർധനയുണ്ടായി. ഇത് നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന ആശങ്ക റിപ്പബ്ലിക്കൻ ക്യാമ്പിലുണ്ട്. 

Tags