ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനോട് അടുത്തെത്തി ; യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി ഡൊണാൾഡ് ട്രംപ്

trump


വാഷിംഗ്ടൺ: മൂന്നാഴ്ചയായി തുടരുന്ന ഇറാൻ യുദ്ധത്തിൽ സൈനിക നടപടികൾ ഘട്ടംഘട്ടമായി പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ഡൊണാൾഡ് ട്രംപ്. യുദ്ധം നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനോട് തങ്ങൾ വളരെ അടുത്തെത്തിയെന്നുമാണ് ട്രംപിന്റെ അവകാശവാദം.

വെള്ളിയാഴ്ച വൈകുന്നേരം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇറാൻ ഭരണകൂടത്തിനെതിരെയുള്ള ഞങ്ങളുടെ വലിയ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ഗൗരവമായി ചിന്തിക്കുന്നുവെന്നാണ് ട്രംപ് കുറിച്ചത്.

എന്നാൽ ഇത് ഉടനടിയുള്ള ഒരു വെടിനിർത്തലല്ലെന്നും മറിച്ച് സൈനിക ലക്ഷ്യങ്ങൾ പൂർത്തിയാക്കിയ സാഹചര്യത്തിലുള്ള പിന്മാറ്റമാണെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചു. യുദ്ധം മൂലം ആഗോള ഇന്ധന വിപണിയിലുണ്ടായ കടുത്ത പ്രതിസന്ധിയും എണ്ണവില വർദ്ധനവുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങാൻ ട്രംപിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ഇതിന്റെ ഭാഗമായി കടലിൽ ഇറാനിയൻ എണ്ണ കയറ്റിയ കപ്പലുകൾക്ക് മേലുള്ള ഉപരോധത്തിൽ യുഎസ് താൽക്കാലിക ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. സമുദ്രത്തിലൂടെയുള്ള എണ്ണ വിതരണ പാതയായ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷാ ചുമതല ഇത് ഉപയോഗിക്കുന്ന മറ്റ് രാജ്യങ്ങൾ കൂടി ഏറ്റെടുക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

കഴിഞ്ഞ മൂന്നാഴ്ചയായി ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാന്റെ സൈനിക-ആണവ കേന്ദ്രങ്ങൾക്ക് നേരെ കനത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. ഇറാന്റെ മിസൈൽ ഉൽപ്പാദന കേന്ദ്രങ്ങളും നാവിക സേനയുടെ ഭൂരിഭാഗം കപ്പലുകളും തകർത്തതായാണ് അമേരിക്ക അവകാശപ്പെടുന്നത്.

അതേസമയം, ഇറാൻ തങ്ങളുടെ പ്രത്യാക്രമണങ്ങൾ തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കയ്ക്ക് പിടിച്ച് നിൽക്കാൻ കഴിയാത്ത തരത്തിലുള്ള പ്രതിരോധമാണ് ഇറാൻ തീർക്കുന്നതെന്നാണ് ട്രംപിന്റെ പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നത്.
 

Tags