ഡോണൾഡ് ട്രംപ് വൻ താരിഫ് പ്രഖ്യാപിച്ചിട്ടും ചൈയുടെ കയറ്റുമതി കുതിച്ചുയർന്നു

china

 ബെയ്ജിങ്: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൻ താരിഫ് പ്രഖ്യാപിച്ചിട്ടും കഴിഞ്ഞ വർഷം ചൈയുടെ കയറ്റുമതി കുതിച്ചുയർന്നതായി റിപ്പോർട്ട്. സാമ്പത്തിക വളർച്ചയിൽ മെ​ല്ലെപ്പോക്ക് നേരിടുന്ന ചൈനക്ക് അപ്രതീക്ഷിതവും ഏറെ ആശ്വാസം നൽകുന്നതുമാണ് പുതിയ റിപ്പോർട്ട്. ബുധനാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം ഡിസംബറിൽ 6.6 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. ബ്ലൂംബർഗ് സാമ്പത്തിക സർവെയുടെ സാമ്പത്തിക വിദഗ്ധർ കണക്കുകൂട്ടിയതിനേക്കാൾ ഏറെ ഉയർന്ന വളർച്ച നിരക്കാണിത്. 3.1 ശതമാനം വളർച്ചയാണ് അവർ പ്രതീക്ഷിച്ചിരുന്നത്. 2024നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ചൈനയുടെ കയറ്റുമതി 5.5 ശതമാനം വളർച്ച കൈവരിച്ചു. 1.2 ലക്ഷം കോടി ഡോളറിന്റെ അധിക വ്യാപാരമാണ് ചൈന നടത്തിയത്. അതായത് 2024 നെ അപേക്ഷിച്ച് 20 ശതമാനത്തിന്റെ റെക്കോഡ് വ്യാപാര മിച്ചം നേടി.

tRootC1469263">

യു.എസിലേക്കുള്ള കയറ്റുമതി ഡിസംബറിൽ മുൻ വർഷത്തേക്കാൾ 30 ശതമാനം കുറഞ്ഞു. തുടർച്ചയായ ഒമ്പതാം മാസമാണ് ഇടിവ് രേഖപ്പെടുത്തുന്നത്. യു.എസിന്റെ ഇറക്കുമതിയും 29 ശതമാനം കുറഞ്ഞതായി കസ്റ്റംസ് രേഖകൾ പറയുന്നു. യു.എസിലേക്കുള്ള കയറ്റുമതി ഇടിഞ്ഞപ്പോൾ തെക്കുകിഴക്കൻ ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളുമായുള്ള വ്യാപാരം ​വർധിച്ചതാണ് ചൈനക്ക് നേട്ടമായത്. ഡിസംബറിൽ യൂറോപ്യൻ യൂനിയനിലേക്കുള്ള കയറ്റുമതി 12 ശതമാനവും അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസിലേക്കുമുള്ള കയറ്റുമതി 11 ശതമാനവും വർധിച്ചു. മാത്രമല്ല, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി 18 ശതമാനവും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി അഞ്ച് ശതമാനവും ഉയർന്നു.

Tags