നയതന്ത്ര ചര്‍ച്ചകളിലൂടെ മാത്രമേ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സാധിക്കൂ ; ഇറാന്‍ വിദേശകാര്യമന്ത്രി
ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട ഏതൊരു നീക്കവും ഉപാധികള്‍ അംഗീകരിക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും പ്രതികരിച്ചു.
ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമായി മുന്നോട്ടുവെച്ച സമാധാന നിര്‍ദ്ദേശം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളിയതിനു പിന്നാലെ നിലപാട് ആവര്‍ത്തിച്ച് ഇറാന്‍. നയതന്ത്ര ചര്‍ച്ചകളിലൂടെ മാത്രമേ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സാധിക്കൂ എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. തങ്ങളുടെ വ്യവസ്ഥകള്‍ വ്യക്തമാണെന്ന് പറഞ്ഞ അദ്ദേഹം, ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട ഏതൊരു നീക്കവും ഉപാധികള്‍ അംഗീകരിക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും പ്രതികരിച്ചു.
ന്യൂയോര്‍ക്കില്‍ നടന്ന യു.എന്‍ പൊതുസഭയിലാണ് ഖത്തറി മധ്യസ്ഥര്‍ മുഖേന ഇറാന്‍ സമാധാന നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. ശനിയാഴ്ച മാധ്യമങ്ങളെ കണ്ട യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ നിര്‍ദ്ദേശം നിരസിച്ചതായി അറിയിച്ചു. ഇറാന്റെ പരാജയവും നിരാശയുമാണ് ഇത്തരമൊരു കരാറിനായി അവരെ പ്രേരിപ്പിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു. എന്നാല്‍, നയതന്ത്ര ചര്‍ച്ചക്കുള്ള വാതിലുകള്‍ അടച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, ഈ ആഴ്ച യു.എസ് പ്രതിനിധികള്‍ കൂടുതല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തേക്കുമെന്നും മറ്റൊരു അഭിമുഖത്തില്‍ സൂചിപ്പിച്ചു.
.jpg)

