യുദ്ധ പ്രതിസന്ധിക്കിടയിലും പ്രതിദിന വരുമാനം ഫെബ്രുവരിയേക്കാള്‍ ഉയര്‍ന്നു ; ഇറാന് എണ്ണവില ഉയര്‍ന്നത് നേട്ടമാകുന്നു
യുദ്ധം ആരംഭിച്ചതു മുതല്‍ ആഗോള വിപണിയില്‍ എണ്ണവില വര്‍ധിച്ചതും ഇറാന്റെ ക്രൂഡ് ഓയിലിന് ആവശ്യക്കാര്‍ ഏറിയതുമാണ് വരുമാനം ഉയരാന്‍ കാരണം.
യുദ്ധത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കില്‍ ഉയര്‍ന്ന പ്രതിസന്ധിക്കിടയിലും എണ്ണ വില്പനയിലൂടെ ഇറാന്‍ പ്രതിദിനം 139 ദശലക്ഷം ഡോളര്‍ (ഏകദേശം 1,160 കോടി രൂപയിലധികം) വരുമാനം നേടുന്നതായി റിപ്പോര്‍ട്ട്. ഫെബ്രുവരി അവസാനം യുദ്ധം ആരംഭിച്ചതു മുതല്‍ ആഗോള വിപണിയില്‍ എണ്ണവില വര്‍ധിച്ചതും ഇറാന്റെ ക്രൂഡ് ഓയിലിന് ആവശ്യക്കാര്‍ ഏറിയതുമാണ് വരുമാനം ഉയരാന്‍ കാരണം. ഫെബ്രുവരി മാസത്തില്‍ 115 ദശലക്ഷം ഡോളറായിരുന്ന ഇറാന്റെ പ്രതിദിന ശരാശരി വരുമാനം മാര്‍ച്ച് ആയപ്പോഴേക്കും 139 ദശലക്ഷം ഡോളറായി ഉയര്‍ന്നു. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളില്‍ എത്തിയതാണ് ഇറാന് ഗുണകരമായത്. നിലവില്‍ ഹോര്‍മുസ് കടലിടുക്ക് വഴി എണ്ണ കയറ്റുമതി ചെയ്യാന്‍ സാധിക്കുന്ന ഏക പ്രധാന രാജ്യം ഇറാനാണെന്നതും അവരുടെ വിപണി മൂല്യം വര്‍ധിപ്പിച്ചു.
ഗള്‍ഫ് മേഖലയിലെ മറ്റ് എണ്ണ ഉത്പാദക രാജ്യങ്ങളായ ഇറാഖ്, കുവൈത്ത് തുടങ്ങിയവര്‍ക്ക് ഉത്പാദനം കുറയ്‌ക്കേണ്ടി വന്നപ്പോള്‍ ഇറാന്‍ തങ്ങളുടെ കയറ്റുമതി കുറച്ചില്ല. യുദ്ധത്തിന് മുന്‍പത്തെ പ്രതിദിന ഉല്‍പ്പാദനമായ 1.6 ദശലക്ഷം ബാരലില്‍ തന്നെ ഇറാന്‍ ഇത് നിലനിര്‍ത്തുന്നുണ്ട്. ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ഡില്‍ നിന്നുള്ള കപ്പല്‍ നീക്കം സജീവമായി തുടരുകയാണ്. പ്രധാനമായും ചൈനയിലേക്കാണ് ഇറാന്‍ വലിയ തോതില്‍ എണ്ണ കയറ്റുമതി ചെയ്യുന്നത്. എണ്ണ വില്പനയ്ക്ക് പുറമെ, ഹോര്‍മുസ് കടലിടുക്ക് കടന്നുപോകുന്ന ചില വാണിജ്യ കപ്പലുകളില്‍ നിന്ന് ട്രാന്‍സിറ്റ് ഫീസായി 2 ദശലക്ഷം ഡോളര്‍ വരെ ഇറാന്‍ ഈടാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
.jpg)


