ഫ്രെഡി ചുഴലിക്കാറ്റ്: മലാവിയിലും മൊസാംബിക്കിലും നൂറിലധികം പേര്‍ മരിച്ചു

തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ കനത്ത നാശം വിതച്ച് ഫ്രെഡി ചുഴലിക്കാറ്റ്. മലാവിയിലും മൊസാംബിക്കിലുമായി 100ലധികം പേര്‍ മരണപ്പെട്ടു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഫ്രെഡി ചുഴലിക്കാറ്റ് കരയറുന്നത്. ശനിയാഴ്ച രാത്രിയോടെയാണ് ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഉഷ്ണമേഖലാ ചുഴലിക്കാറ്റെന്ന റെക്കോര്‍ഡ് നേടിയ ഫ്രഡ്ഡി ചുഴലിക്കാറ്റ് മൊസാംബിക്കില്‍ രണ്ടാം തവണയും കരയറുന്നത്.
ഫ്രെഡി വാരാന്ത്യത്തില്‍ കൂടുതല്‍ ഉള്‍നാടുകളിലേക്ക് പോകുമെന്നും മൊസാംബിക്കിലും തെക്കന്‍ മലാവിയിലും കനത്ത മഴ സൃഷ്ടിക്കുമെന്നും, സിംബാബ്‌വെയിലും സാംബിയയിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും ഫ്രഞ്ച് കാലാവസ്ഥാ ഏജന്‍സിയായ മെറ്റിയോഫ്രാന്‍സ് മുന്നറിയിപ്പ് നല്‍കി. വരും ആഴ്ചയില്‍ ചുഴലിക്കാറ്റ് കരയില്‍ ദുര്‍ബലമാകാന്‍ സാധ്യതയില്ലെന്നും കടലിലേക്ക് തിരികെ പോകാനുള്ള ഉയര്‍ന്ന സാധ്യതയുണ്ടെന്നും മെറ്റിയോഫ്രാന്‍സ് ആശങ്ക ഉയര്‍ത്തി.
ഏകദേശം 200 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കൂടാതെ 16 പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്ലാന്റൈറിലെ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ രണ്ട് ടൗണ്‍ഷിപ്പുകളായ ചിലോബ്‌വെയിലും എന്‍ദിരാന്‍ഡെയിലും ആളുകള്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.