ഒരു യൂറോയ്ക്ക് കബാബ് നല്‍കുമെന്ന പരസ്യത്തിന് പിന്നാലെ ജനക്കൂട്ടം ഇരച്ചെത്തി ; ജര്‍മന്‍ നഗരത്തില്‍ സംഘര്‍ഷം ; ജനക്കൂട്ടത്തെ പിരിച്ചുവിടന് എത്തിയത് വന്‍ പൊലീസ് സന്നാഹം
ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ നൂറോളം പൊലീസുകാരെയും ഹെലികോപ്റ്ററിനെയുമാണ് നഗരത്തില്‍ വിന്യസിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍.
ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു യൂറോയ്ക്ക് കബാബ് നല്‍കുമെന്ന പരസ്യത്തിന് പിന്നാലെ ജനക്കൂട്ടം ഇരച്ചെത്തി. ഒടുവില്‍ തിരക്ക് നിയന്ത്രണാതീതമായതോടെ ജര്‍മന്‍ നഗരമായ ഡോര്‍ട്ട്മുണ്ടില്‍ സംഘര്‍ഷം. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ നൂറോളം പൊലീസുകാരെയും ഹെലികോപ്റ്ററിനെയുമാണ് നഗരത്തില്‍ വിന്യസിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍.
പുതുതായി ആരംഭിച്ച ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിന്റെ പ്രചാരണാര്‍ത്ഥമാണ് ഉടമ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചത്. സാധാരണയായി 7.50 മുതല്‍ 9 യൂറോ വരെ വിലയുള്ള കബാബ് കേവലം ഒരു യൂറോയ്ക്ക് വില്‍ക്കുമെന്നായിരുന്നു വാഗ്ദാനം. ഓഫര്‍ വിവരം അറിഞ്ഞ് മുതിര്‍ന്നവരും കുട്ടികളും അടക്കം വന്‍ ജനക്കൂട്ടം കടയ്ക്ക് മുന്നിലേക്ക് എത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി.
ആദ്യം സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ കടയുടമ സ്വകാര്യ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിരുന്നെങ്കിലും തിരക്ക് നിയന്ത്രിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. തുടര്‍ന്നാണ് ഉടമ പൊലീസിന്റെ സഹായം തേടിയത്. കടയ്ക്ക് മുന്നില്‍ ഏകദേശം 300 -ഓളം പേര് തടിച്ചുകൂടിയെന്നാണ് പൊലീസിന്റെ കണക്കെങ്കില്‍, ആയിരത്തിലധികം ആളുകള്‍ എത്തിയെന്നാണ് ഉടമ അവകാശപ്പെടുന്നത്.
പൊലീസുകാര്‍ക്ക് നേരെ ജനക്കൂട്ടത്തില്‍ ചിലര്‍ കല്ലുകളും കുപ്പികളും പടക്കങ്ങളും എറിയാന്‍ തുടങ്ങിയതോടെ പ്രദേശം സംഘര്‍ഷഭരിതമായി. സ്ഥിതി വഷളായതിനെ തുടര്‍ന്ന് കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തെത്തുകയും നിരീക്ഷണത്തിനായി ഹെലികോപ്റ്റര്‍ രംഗത്തിറക്കുകയുമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാളില്‍ നിന്ന് വെടിയുണ്ടകളില്ലാത്ത ഒരു തോക്ക് കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. പൊതുമുതല്‍ നശിപ്പിക്കല്‍, സമാധാനാന്തരീക്ഷം തകര്‍ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസ് എടുത്തു. അതേസമയം, ആവശ്യത്തിന് സുരക്ഷയൊരുക്കാതെ ഓഫര്‍ പ്രഖ്യാപിച്ച് സംഘര്‍ഷത്തിന് വഴിവെച്ച കടയുടമയ്ക്കെതിരെ നിയമനടപടി ഉണ്ടായേക്കും.
.jpg)

