ദക്ഷിണ കൊറിയ പ്രസിഡന്റിനെ പുറത്താക്കിയ നടപടി അംഗീകരിച്ച് കോടതി


സോൾ: പട്ടാള നിയമം പ്രഖ്യാപിച്ചതിന്റെ പേരിൽ യൂൻ സുക് യോലിനെ പ്രസിഡന്റ് പദവിയിൽനിന്ന് ഇംപീച്ച് ചെയ്ത പാർലമെന്റ് നടപടി ദക്ഷിണ കൊറിയൻ കോടതി അംഗീകരിച്ചു. സംഭവം നടന്ന് നാലു മാസങ്ങൾക്ക് ശേഷമാണ് ഭരണഘടന കോടതിയുടെ ഐകകണ്ഠ്യേനയുള്ള ഉത്തരവ്. യൂനിനെ പദവിയിൽനിന്ന് നീക്കിയതോടെ രാജ്യത്ത് ഇടക്കാല തെരഞ്ഞെടുപ്പ് രണ്ടു മാസത്തിനകം നടക്കുമെന്ന് ഉറപ്പായി.
പട്ടാള നിയമം പ്രഖ്യാപിച്ച യൂനിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് എട്ടംഗ ബെഞ്ച് കണ്ടെത്തിയതായി വിധി പ്രഖ്യാപിച്ച് ആക്ടിങ് ചീഫ് ജസ്റ്റിസ് മൂൺ ഹ്യൂങ് ബീ പറഞ്ഞു. അടിയന്തരാവസ്ഥ ചട്ടങ്ങൾ ദുരുപയോഗം ചെയ്ത ചരിത്രം തിരിച്ചുകൊണ്ടുവന്ന യൂൻ, സമൂഹത്തിലെ സകല മേഖലകളിലെയും ജനങ്ങളിൽ ഞെട്ടലും ആശയക്കുഴപ്പവുമുണ്ടാക്കി. നിയമലംഘനം രാജ്യത്ത് ഗുരുതര പ്രത്യാഘാതമാണുണ്ടാക്കുമെന്ന കാര്യം പരിഗണിച്ച് ഭരണഘടന ഉയർത്തിപ്പിടിക്കുകയാണ് ഉചിതമെന്ന് ബെഞ്ച് വിധിച്ചതായും ആക്ടിങ് ചീഫ് ജസ്റ്റിസ് പഞ്ഞു.

അതേസമയം, കോടതി വിധി അംഗീകരിക്കാൻ വിസമ്മതിച്ച യൂൻ, ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവർത്തിക്കാൻ കഴിയാത്തതിൽ ക്ഷമ ചോദിക്കുന്നെന്ന് പറഞ്ഞു. രാജ്യത്തെ സേവിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. രാജ്യത്തിനും പൗരന്മാർക്കുംവേണ്ടി പ്രാർഥിക്കുന്നതായും അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. യൂനിന്റെ രാഷ്ട്രീയ പാർട്ടിയായ പീപ്ൾ പവർ പാർട്ടി വിധി അംഗീകരിച്ചെങ്കിലും തീർത്തും രാഷ്ട്രീയ തീരുമാനമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകരിലൊരാളായ യൂൻ കാപ് ക്യൂൻ പ്രതികരിച്ചു. പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി വിധി സ്വാഗതം ചെയ്തു. ജനാധിപത്യ റിപ്പബ്ലിക്കിനെ സംരക്ഷിക്കുന്നതാണ് വിധിയെന്ന് നേതാവ് ലീ ജേ മ്യൂങ് പറഞ്ഞു.