പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എബ്രഹാം ഉടമ്പടിയില്‍ ഒപ്പുവയ്ക്കണം ; പുതിയ നിര്‍ദ്ദേശവുമായി ട്രംപ്

trump

ഇറാന്‍ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ 'എബ്രഹാം ഉടമ്പടി'യുടെ ഭാഗമാകണമെന്നാണ് ട്രംപിന്റെ പുതിയ ആവശ്യം

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാര്‍ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കിയെങ്കിലും പുതിയ നിബന്ധന മുന്നോട്ടുവെച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ 'എബ്രഹാം ഉടമ്പടി'യുടെ ഭാഗമാകണമെന്നാണ് ട്രംപിന്റെ പുതിയ ആവശ്യം. ഹോര്‍മുസ് കടലിടുക്ക് തുറന്നുനല്‍കുക, ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം പൂര്‍ണമായി ഉപേക്ഷിക്കുക, ഇറാന് നഷ്ടപരിഹാരം നല്‍കില്ല തുടങ്ങിയ കടുത്ത നിബന്ധനകള്‍ക്ക് പുറമെയാണ് ട്രംപ് പുതിയ നിര്‍ദേശം മുന്നോട്ടു വച്ചിരിക്കുന്നത്.

2020-ല്‍ ട്രംപ് അമേരിക്കയുടെ പ്രസിഡന്റായിരിക്കെ ആണ് എബ്രഹാം ഉടമ്പടി കൊണ്ടുവന്നത്. ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാന്‍ ചില മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ സമ്മതിച്ച, യുഎസ് മധ്യസ്ഥതയിലുള്ള കരാര്‍ ആണിത്. യുഎഇ, ബഹ്റൈന്‍, മൊറോക്കോ, സുഡാന്‍, കസാക്കിസ്ഥാന്‍ തുടങ്ങിയ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളാണ് ഇതിനകം ഈ ഉടമ്പടിയുടെ ഭാഗമായിട്ടുള്ളത്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, പാകിസ്ഥാന്‍, തുര്‍ക്കി, ഈജിപ്ത്, ജോര്‍ദാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലെ ഭരണ നേതൃത്വവുമായി താന്‍ സംസാരിച്ചതായി ട്രംപ് തിങ്കളാഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. മേഖലയിലെ സമാധാനത്തിനായി യുഎസ് നടത്തിയ ശ്രമങ്ങള്‍ കണക്കിലെടുത്ത് ഈ രാജ്യങ്ങളെല്ലാം ഒരേസമയം എബ്രഹാം ഉടമ്പടിയില്‍ ഒപ്പുവെക്കണമെന്നാണ് ട്രംപിന്റെ പുതിയ ആവശ്യം.

Tags