ആശങ്കകൾക്ക് വിരാമം : സുനിത വില്യംസും വിൽമോറും ഭൂമിയിലേക്ക് ഉടൻ മടങ്ങും ,തീയതി പ്രഖ്യാപിച്ച് നാസ

Sunita Williams celebrates her birthday in space
Sunita Williams celebrates her birthday in space

കാലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസിൻറെയും ബുച്ച് വിൽമോറിൻറെയും ഭൂമിയിലേക്കുള്ള മടക്കയാത്രയുടെ തീയതി പ്രഖ്യാപിച്ച് നാസ. വരുന്ന തിങ്കളാഴ്ചയായിരിക്കും സുനിത വില്യംസും സംഘത്തിൻറെയും മടക്കം. പതിനേഴാം തീയതി ഇന്ത്യൻ സമയം വൈകീട്ട് 6.35നാകും സുനിത കൂടി ഇപ്പോൾ ഭാഗമായ ക്രൂ 9 ദൗത്യ സംഘം നിലയത്തിൽ നിന്ന് പുറപ്പെടുക.

കാലാവസ്ഥ സാഹചര്യമനുസരിച്ച് ഈ സമയത്തിലും തീയതിയിലും മാറ്റം വരുത്തേണ്ടി വന്നേക്കാമെന്നും നാസ അറിയിക്കുന്നു. ഇന്ന് രാവിലെ സാങ്കേതിക പ്രശ്നം കാരണം മാറ്റിവച്ച ക്രൂ 10 വിക്ഷേപണം നാളെ രാവിലെ നടക്കുമെന്നും നാസ അറിയിച്ചിട്ടുണ്ട്. നാലംഗ സംഘമാണ് ക്രൂ 10 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 4:56നായിരിക്കും ഈ വിക്ഷേപണം.

2024 ജൂൺ മാസം മുതൽ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുണ്ട്. ബോയിംഗിൻറെ സ്റ്റാർലൈനർ പേടകത്തിൽ കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു ഇരുവരും ഐഎസ്എസിലേക്ക് യാത്ര തിരിച്ചത്. എന്നാൽ സ്റ്റാർലൈനറിൻറെ പ്രൊപൽഷൻ സംവിധാനത്തിലെ തകരാറും ഹീലിയും ചോർച്ചയും കാരണം എട്ട് ദിവസ ദൗത്യത്തിന് ശേഷം ഇരുവർക്കും നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് തിരികെ വരാനായില്ല. പലതവണ ഇരുവരെയും മടക്കികൊണ്ടുവരാൻ നാസ ശ്രമിച്ചുവെങ്കിലും സ്റ്റാർലൈനറിൻറെ അപകട സാധ്യത മുന്നിൽക്കണ്ട് മടക്കയാത്ര നീട്ടിവെക്കുകയായിരുന്നു.
 

Tags