വിയറ്റ്‌നാം വിമാനത്താവളത്തില്‍ ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ സമൂഹ വിരുന്ന്;'രാജ്യത്തിന്റെ പേര് കളയുന്നു'വെന്ന് വിമര്‍ശനം

food

ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളില്‍ ഇത്തരം കൂട്ടായ്മകള്‍ സംഘടിപ്പിച്ചതിനെതിരെ പലരും ചോദ്യങ്ങള്‍ ഉന്നയിച്ചു.

വിയറ്റ്‌നാമിലെ ഒരു വിമാനത്താവളത്തിന്റെ ഉള്ളില്‍ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ കൂട്ടമായി ഇരുന്ന് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ടെര്‍മിനലിലെ കാത്തിരിപ്പ് കേന്ദ്രത്തില്‍ പത്രങ്ങള്‍ നിരത്തി അതിനുമുകളില്‍ ഭക്ഷണം കഴിച്ച് ഒരു സംഘം ആളുകള്‍ ഒന്നിച്ചിരിക്കുന്നതാണ് വീഡിയോയിലുള്ളത്. എക്‌സ് പ്ലാറ്റ്ഫോമില്‍ വ്യാപകമായി പ്രചരിച്ച ഈ വീഡിയോ നിരവധി ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി.

ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളില്‍ ഇത്തരം കൂട്ടായ്മകള്‍ സംഘടിപ്പിച്ചതിനെതിരെ പലരും ചോദ്യങ്ങള്‍ ഉന്നയിച്ചു. ചിലര്‍ ഇത് നിരുപദ്രവകരമാണെന്ന് കണ്ടെത്തിയപ്പോള്‍, മറ്റുചിലര്‍ പൊതുസ്ഥലങ്ങളിലെ ഇത്തരം പെരുമാറ്റങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു.

@ashishisdumb എന്ന എക്‌സ് ഉപയോക്താവ് റീഷെയര്‍ ചെയ്തതോടെയാണ് സംഭവം പുറത്തുവന്നത്. 'ഞങ്ങളുടെ സഹയാത്രികരായ ഇന്ത്യന്‍ പൗരന്മാര്‍ വിയറ്റ്‌നാമിലെ ഒരു വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ കെട്ടിടത്തിന് ഉള്ളില്‍ ഭണ്ഡാരം സംഘടിപ്പിച്ചു എന്ന് പറയുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. വിദേശത്ത് യാത്ര ചെയ്യുന്ന എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, ദയവായി വിമാനത്താവളങ്ങളില്‍ ഇത്തരം സംവിധാനങ്ങള്‍ ഒരുക്കരുത്,' എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റ് പങ്കുവെച്ചത്. വീഡിയോയില്‍, ഒരു വലിയ സംഘം ആളുകള്‍ തറയില്‍ പത്രങ്ങള്‍ വിരിച്ച് അതില്‍ ഭക്ഷണം വെച്ച് കഴിക്കുന്നത് കാണാം. ഇതിനിടയില്‍ ചിലര്‍ ക്യാമറയ്ക്ക് നേരെ കൈ വീശുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഇത്തരം കൂട്ടായ്മകള്‍ എത്രത്തോളം ശരിയാണെന്ന ചര്‍ച്ചയ്ക്ക് ഈ ദൃശ്യങ്ങള്‍ തുടക്കമിട്ടു.

Tags