ഒരു ഉമ്മ കൊടുത്തതേ ഓർമ്മയുള്ളൂ !! റഷ്യൻ കോഴി ഫാമിൽ ചുംബനത്തെച്ചൊല്ലി സംഘർഷം; 20 പേർക്ക് പരിക്ക് , 7 പേരുടെ നില ഗുരുതരം

I only remember giving a kiss!!   Clashes over kissing at Russian chicken farm; 20 injured, 7 in critical condition


റഷ്യൻ കോഴി ഫാമില്‍ വച്ച്‌ ബംഗ്ലാദേശി തൊഴിലാളി , ഉസ്ബെക്കുകാരനായ തൊഴിലാളിയെ ചുംബിച്ചതിനെചൊല്ലിയുണ്ടായ സംഘർഷത്തില്‍ 20 ഓളം പേർക്ക് പരിക്ക്. ഇതില്‍ ഏഴു പേരുടെ നില ഗുരുതരമാണെന്നും പ്രാദേശിക റഷ്യൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.റഷ്യയിലെ ലെനിൻഗ്രാഡ് മേഖലയിലെ പ്രിലഡോഷ്സ്കി ഗ്രാമത്തിലെ സിനിയാവ്സ്കയ കോഴി ഫാമിലാണ് സംഘർഷം റിപ്പോര്‍ട്ട് ചെയ്തത്. സംഘർഷത്തെ തുടർന്ന് ഫാമിലെ ജോലിക്കാരായ 12 ഓളം പേരെ റഷ്യൻ പോലീസ് അറസ്റ്റ് ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് തൊഴിലാളികള്‍ ജോലി ചെയ്യുന്ന കോഴി ഫാമിലാണ് സംഘർഷം ഉടലെടുത്ത്. 47 ന്യൂസിന്‍റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ബംഗ്ലാദേശി തൊഴിലാളി തന്‍റെ ജോലിക്കിടെ ഉസ്ബെക്കിസ്ഥാനില്‍ നിന്നുള്ള മറ്റൊരു തൊഴിലാളിയെ ചുംബിച്ചു. ഇത് ഉസ്ബെക്ക് തൊഴിലാളിയുടെ അച്ഛൻ കാണുകയും അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തു. 

ഇതിന് പിന്നാലെ കോഴി ഫാമിലെ ഉസ്ബെക്ക് തൊഴിലാളികളും ബംഗ്ലാദേശി തൊഴിലാളികളും തമ്മില്‍ സംഘർഷം ഉടലെടുത്തു. ഇതോടെ കോഴി ഫാമിലെ സെക്യുരിറ്റി ഉദ്യോഗസ്ഥർ രംഗത്തെത്തുകയും ഇരു സംഘങ്ങളെയും പിരിച്ച്‌ വിടുകയും ചെയ്തു. എന്നാല്‍, തൊഴിലാളികളുടെ ഷിഫ്റ്റ് തീർന്നതിന് പിന്നാലെ താമസ സ്ഥലത്ത് വച്ച്‌ വീണ്ടും സംഘർഷം ഉടലെടുക്കുകയായിരുന്നു.

ഇരുവിഭാഗത്തിലുമായി ഏതാണ്ട് 60 കുടിയേറ്റ തൊഴിലാളികളാണ് സംഘർഷത്തില്‍ ഉള്‍പ്പെട്ടിരുന്നതെന്നും റിപ്പോർട്ടില്‍ പറയുന്നു. താമസസ്ഥലത്ത് ലഭ്യമായ എല്ലാ ആയുധങ്ങളും സംഘർഷത്തിനിടെ പ്രയോഗിക്കപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഘർഷത്തെ കുറിച്ച്‌ അറിഞ്ഞ് റഷ്യൻ പോലീസ് സംഭവ സ്ഥലത്ത് എത്തുമ്പോള്‍ ഏതാണ്ട് 20 പേർക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ഏഴ് പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഇവരെ പ്രാദേശിക ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാനായി റഷ്യൻ പോലീസ് 12 ഓളം പേരെ അറസ്റ്റ് ചെയ്തെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 

Tags