ചൈനയുടെ ആദ്യ എഐ സിനിമ തിയേറ്ററുകളിൽ പരാജയം

China's first AI film flops in theaters

 ക്യാമറയോ താരങ്ങളോ ഷൂട്ടിംഗ് ലൊക്കേഷനുകളോ ഇല്ലാതെ പൂർണ്ണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നിർമ്മിച്ച ചൈനീസ് ചിത്രം ‘സാൻസിങ്ഡുയി: ഫ്യൂച്ചർ പാസ്റ്റ്’ തിയേറ്ററുകളിൽ വൻ പരാജയം. ഒക്ടോബർ 23-ന് പതിനായിരത്തിലധികം സ്ക്രീനുകളിൽ വലിയ പ്രതീക്ഷയോടെ റിലീസ് ചെയ്ത ചിത്രത്തിന് ബോക്സ് ഓഫീസിൽ നിന്ന് തുച്ഛമായ കളക്ഷൻ മാത്രമാണ് നേടാനായത്. പത്ത് ദശലക്ഷത്തിലധികം യുവാൻ ചെലവിട്ട് നിർമ്മിച്ച സിനിമയ്ക്ക് ഇതുവരെ വെറും 17 ലക്ഷം യുവാൻ മാത്രമാണ് തിയേറ്ററുകളിൽ നിന്ന് സ്വന്തമാക്കാനായത്.

നിർമ്മാതാക്കളായ ബോണ ഫിലിം ഗ്രൂപ്പിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഏകദേശം നൂറോളം പേർ ചേർന്ന് രണ്ട് വർഷത്തിലേറെയെടുത്താണ് കഥാപാത്രങ്ങളുടെ രൂപവും ശബ്ദവുമെല്ലാം എഐ ഉപയോഗിച്ച് ഈ ചിത്രം പൂർത്തിയാക്കിയത്. ചൈനയിലെ പുരാതന സാൻസിങ്ഡുയി നാഗരികതയുടെ നിഗൂഢതകളും ഭാവിയുടെ ലോകവും പ്രമേയമാക്കിയ ചിത്രം വലിയ ദൃശ്യവിസ്മയം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പ്രേക്ഷകരെ തിയേറ്ററിലേക്ക് ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു.

എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സിനിമയുടെ രൂപം പൂർണ്ണമായി സൃഷ്ടിക്കാൻ സാധിക്കുമെങ്കിലും, ഒരു സിനിമയെ വിജയത്തിലേക്ക് നയിക്കേണ്ട ശക്തമായ കഥയും കഥാപാത്രങ്ങളും വൈകാരികമായ അടുപ്പവും ഇതിൽ ഇല്ലാതെയെന്ന് പ്രേക്ഷകർ വിമർശിക്കുന്നു. സാങ്കേതിക മികവ് മാത്രം കൊണ്ട് ഒരു സിനിമയെ വിജയിപ്പിക്കാനാകില്ലെന്ന വലിയൊരു ചോദ്യമാണ് ഈ ചൈനീസ് പരീക്ഷണം സിനിമാലോകത്തിന് മുന്നിൽ ഉയർത്തിയിരിക്കുന്നത്.

Tags