വിമാന അപകടത്തിൽപ്പെട്ട നാല് കുട്ടികളെ രണ്ടാഴ്ചക്ക് ശേഷം ആമസോൺ വനത്തിൽ നിന്ന് ജീവനോടെ കണ്ടെത്തി

ബോഗോട്ട : വിമാന അപകടത്തിൽപ്പെട്ട നാല് കുട്ടികളെ രണ്ടാഴ്ചക്ക് ശേഷം ആമസോൺ വനത്തിൽ നിന്ന് ജീവനോടെ കണ്ടെത്തി. 11 മാസം പ്രായമുള്ള കുട്ടിയും ജീവനോടെ കണ്ടെത്തിയവരിൽ ഉൾപ്പെടും. കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് കുട്ടികളെ രക്ഷപ്പെടുത്തിയ വിവരം അറിയിച്ചത്. രാജ്യത്തിന് സന്തോഷം പകരുന്ന വാർത്തയാണ് പുറത്ത് വന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തു വന്നിട്ടില്ലെന്ന് സൈന്യം അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്.
സൈന്യം നടത്തിയ വലിയ പരിശോധനക്കൊടുവിലാണ് കുട്ടികളെ കണ്ടെത്തിയതെന്നും കൊളംബിയൻ പ്രസിഡന്റ് അറിയിച്ചു. വിമാന അപകടത്തിൽ പെട്ടവരെ കണ്ടെത്തുന്നതിനായി 100ഓളം സൈനികരാണ് തെരച്ചിലിനുണ്ടായിരുന്നത്. അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.
11 മാസമുള്ള ശിശുവിനെ കൂടാതെ 13, 9,4 വയസുള്ള കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഏഴ് പേരുമായി യാത്രതിരിച്ച സെസ്ന 206 വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് റോയിട്ടേഴ്സ് അറിയിച്ചു. എൻജിൻ തകരാറിനെ തുടർന്ന് മെയ് ഒന്നിനാണ് വിമാനം ആമസോൺ വനാന്തരങ്ങളിൽ തകർന്നു വീണത്.