പാകിസ്ഥാനിലെ ജനസംഖ്യാ വര്‍ദ്ധനവ് നിയന്ത്രിക്കാനുള്ള ഉന്നത സമിതിയില്‍ സൈനിക മേധാവിയും

pak

കടുത്ത ജനസംഖ്യാ പ്രതിസന്ധി പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് രൂപീകരിച്ച ഉന്നതതല സമിതിയിലാണ് ആര്‍മി ചീഫിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പാകിസ്ഥാനിലെ ദ്രുതഗതിയിലുള്ള ജനസംഖ്യാ വര്‍ദ്ധനവ് നിയന്ത്രിക്കാനുള്ള നിര്‍ണായക ദൗത്യവുമായി സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ രംഗത്ത്. രാജ്യം നേരിടുന്ന കടുത്ത ജനസംഖ്യാ പ്രതിസന്ധി പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് രൂപീകരിച്ച ഉന്നതതല സമിതിയിലാണ് ആര്‍മി ചീഫിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിരോധം, നയതന്ത്രം, സാമ്പത്തിക കാര്യങ്ങള്‍ എന്നിവയ്ക്ക് പുറമെയാണ് ഇപ്പോള്‍ ജനസംഖ്യാ നിയന്ത്രണവും അസിം മുനീറിന്റെ ചുമതലകളിലേക്ക് എത്തിയിരിക്കുന്നത്.

പാകിസ്ഥാന്‍ സെനറ്റ് സമിതികളുടെ സംയുക്ത യോഗത്തില്‍ ഫെഡറല്‍ ആരോഗ്യ മന്ത്രി സയ്യിദ് മുസ്തഫ കമാലാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. ജനസംഖ്യാ വര്‍ദ്ധനവ് തടയുന്നതിനുള്ള നയരൂപീകരണത്തിനായി ധനകാര്യം, ആസൂത്രണം, ആരോഗ്യം എന്നീ വകുപ്പുകളിലെ മുതിര്‍ന്ന മന്ത്രിമാര്‍ക്കൊപ്പം അസിം മുനീറും ഈ സമിതിയില്‍ പ്രവര്‍ത്തിക്കും. വിഷയം പാക് സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും എല്ലാ തലങ്ങളിലും പ്രധാനപ്പെട്ട നയപരമായ തീരുമാനങ്ങള്‍ എടുത്തു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള അഞ്ചാമത്തെ രാജ്യമാണ് പാകിസ്ഥാന്‍. പ്രതിവര്‍ഷം 2.55% എന്ന നിരക്കിലാണ് രാജ്യത്തെ ജനസംഖ്യാ വളര്‍ച്ച. ഇതേ അവസ്ഥ തുടര്‍ന്നാല്‍ 2030-ഓടെ പാകിസ്ഥാന്‍ ഇന്തോനേഷ്യയെ മറികടന്ന് ജനസംഖ്യയില്‍ ലോകത്തിലെ നാലാമത്തെ വലിയ രാജ്യമായി മാറുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. 

Tags