ട്രംപിനെതിരായ വധശ്രമം അപലപിച്ച് ചാൾസ് മൂന്നാമൻ: അക്രമം വിജയിക്കില്ലെന്ന് മുന്നറിയിപ്പ്

trump

‌ലണ്ടൻ:  ഡൊണാൾഡ് ട്രംപിനെതിരായ വധശ്രമത്തെ അപലപിച്ച് ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ. ജനാധിപത്യ സ്ഥാപനങ്ങളെ താറുമാറാക്കുന്നതിനായുള്ള അക്രമങ്ങൾ ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുസിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് ട്രംപിനെതിരായ വധശ്രമം ബ്രിട്ടീഷ് രാജാവ് പരാമർശിച്ചത്. അത്തരം അക്രമങ്ങൾ ഒരിക്കലും വിജയിക്കില്ലെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

സമീപനങ്ങൾ വ്യത്യസ്തമാണെങ്കിലും, വിയോജിപ്പുകളുണ്ടായാലും, ജനാധിപത്യത്തെ ഉയർത്തിപ്പിടിക്കുന്നതിനും നമ്മുടെ എല്ലാ ജനങ്ങളെയും അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും നമ്മുടെ രാജ്യങ്ങൾക്ക് വേണ്ടി ഓരോ ദിവസവും ജീവൻ പണയം വെക്കുന്നവരുടെ ധൈര്യത്തെ പ്രശംസിക്കുന്നതിനും ഞങ്ങൾ ഒറ്റക്കെട്ടായി നിൽക്കുന്നു." അദ്ദേഹം പറഞ്ഞു.

വർധിച്ചുവരുന്ന ആഗോള അനിശ്ചിതത്വത്തിൻ്റെയും യുഎസിലെ ആഭ്യന്തര സുരക്ഷാ ആശങ്കകളുടെയും പശ്ചാത്തലത്തിലാണ് ചാൾസ് മൂന്നാമന്റെ പ്രസംഗം ആരംഭിച്ചത്. പങ്കിട്ട ജനാധിപത്യ മൂല്യങ്ങളുടെയും യുകെയും യുഎസും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളുടെയും വിശാലമായ പശ്ചാത്തലത്തിൽ അദ്ദേഹം പ്രസംഗം അവതരിപ്പിച്ചു.

"സ്വാതന്ത്ര്യ പ്രഖ്യാപനത്തിൻ്റെ ഈ അർദ്ധസെഞ്ചുറി വർഷം അടയാളപ്പെടുത്താൻ യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് സ്വാഗതം ചെയ്തതിന് അമേരിക്കൻ ജനതയോട് പ്രത്യേക കൃതജ്ഞത പ്രകടിപ്പിക്കാൻ ഞാൻ ഈ അവസരം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു," അദ്ദേഹം പറഞ്ഞു. നാല് നൂറ്റാണ്ടിലേറെയായി രണ്ട് രാജ്യങ്ങളുടെയും നിയതികൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നും ചരിത്രപരമായ വിയോജിപ്പുകളിൽ നിന്ന് ഇരുരാജ്യങ്ങളും ശക്തമായ ഒരു സഖ്യമായി പരിണമിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസ് കോൺഗ്രസിനെ ജനാധിപത്യത്തിൻ്റെ കോട്ട എന്ന് ചാൾസ് മൂന്നാമൻ വിശേഷിപ്പിക്കുകയും ആധുനിക ചരിത്രത്തിലെ ഏറ്റവും ഫലപ്രദമായ സഖ്യങ്ങളിലൊന്നായി പരിണമിച്ച യുകെ-യുഎസ് ബന്ധങ്ങളുടെ ദീർഘകാല ചരിത്രത്തെ അദ്ദേഹത്തിന്റെ പ്രസംഗം പ്രതിഫലിക്കുകയും ചെയ്തു.

തൻ്റെ മാതാവായ എലിസബത്ത് രാജ്‍ഞിയ്ക്ക് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിക്കുകയും 1991-ൽ കോൺഗ്രസിന് അഭിസംബോധന ചെയ്ത് അവർ നടത്തിയ പ്രസംഗം ഓർമിക്കുകയും ചെയ്തു. നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ചാൾസ് മൂന്നാമനെയും രാജ്ഞി കാമിലയെയും വൈറ്റ് ഹൗസിൽ പൂർണ്ണമായ ചടങ്ങുകളോടെ ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും സ്വീകരിച്ചു.

Tags