ഓസ്‌ട്രേലിയയില്‍ വാഹനാപകടം; ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭര്‍തൃമാതാവും മരിച്ചു

dead

വിശാഖപട്ടണം സ്വദേശികളായ നേഹ ബൊമ്മലി(33) ഇവരുടെ ഭര്‍തൃമാതാവ് രമാദേവി(67) എന്നിവരാണ് മരിച്ചത്.

ഓസ്‌ട്രേലിയയിലെ മെല്‍ബണിലുണ്ടായ വാഹനാപകടത്തില്‍ ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭര്‍തൃമാതാവും മരിച്ചു. വിശാഖപട്ടണം സ്വദേശികളായ നേഹ ബൊമ്മലി(33) ഇവരുടെ ഭര്‍തൃമാതാവ് രമാദേവി(67) എന്നിവരാണ് മരിച്ചത്.


സെപ്റ്റംബര്‍ 16-ന് രാത്രി 9.40-ഓടെ മെല്‍ബണിന് സമീപമായിരുന്നു അപകടം. നേഹയും ഭര്‍തൃമാതാവും സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇരുവരെയും അപകടത്തില്‍പ്പെട്ട രണ്ടാമത്തെ കാറിലെ ഡ്രൈവറെയും ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍, നേഹയും രമാദേവിയും ആശുപത്രിയിലെത്തിക്കും മുന്‍പേ മരിച്ചിരുന്നു. അപകടത്തില്‍പ്പെട്ട രണ്ടാമത്തെ കാറിലെ ഡ്രൈവര്‍ ചികിത്സയില്‍ തുടരുകയാണ്.

ഭര്‍ത്താവ് വരുണ്‍ ചന്ദ്രയ്‌ക്കൊപ്പം നേഹ ഏറെക്കാലമായി ഓസ്‌ട്രേലിയയിലാണ് താമസം. ദമ്പതിമാര്‍ക്ക് മൂന്നരവയസ്സുള്ള മകനും ഒരു വയസ്സുള്ള മകളുമുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു കുടുംബം മകളുടെ ആദ്യജന്മദിനം ആഘോഷിച്ചത്.
രമാദേവിയും ഭര്‍ത്താവ് തുളസി പ്രസാദും മകനും കുടുംബത്തിനും ഒപ്പം താമസിക്കാനായി അടുത്തിടെയാണ് ടൂറിസ്റ്റ് വിസയില്‍ ഓസ്‌ട്രേലിയയിലെത്തിയത്. രമാദേവിയുടെ ഭര്‍ത്താവ് തുളസി പ്രസാദ് ഹിന്ദുസ്ഥാന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡിലെ റിട്ട. ജീവനക്കാരനും വിശാഖപട്ടണം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ മുന്‍ഭാരവാഹിയുമാണ്. നേഹയുടെയും രമാദേവിയുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് കുടുംബം അറിയിച്ചു.

Tags