'ഇന്ത്യക്കാരെ കൊന്നൊടുക്കാന് കാത്തിരിക്കാനാവില്ല'; യുഎസിലെ ഹിന്ദു ക്ഷേത്ര ആക്രമണ കേസിലെ പ്രതി സഹപ്രവര്ത്തകരോട് പറഞ്ഞത്
തന്റെ തോക്ക് ജാം ആയതിനെ തുടര്ന്ന് സ്ഥലം വിട്ടുപോരേണ്ടി വന്നുവെന്നും ആക്രമണത്തിന് വീണ്ടും ശ്രമിക്കുമെന്നും പ്രതി സഹപ്രവര്ത്തകനോട് പറഞ്ഞിരുന്നു.
ഇന്ത്യന് വംശജരെ കൊലപ്പെടുത്താന് ഇനി തനിക്ക് കാത്തിരിക്കാനാകില്ലെന്നും ഞായറാഴ്ച ഒരു 'പ്രത്യേക ദിവസമായിരിക്കുമെന്നും' ചിക്കാഗോയിലെ ഹിന്ദു ക്ഷേത്രം ലക്ഷ്യമിട്ട് കൂട്ടക്കൊലപാതകം നടത്താന് പദ്ധതിയിട്ട 19 കാരനായ അലക്സാണ്ട്രോസ് പപ്പോരാകിസ്. തന്റെ സഹപ്രവര്ത്തകരോടാണ് അലക്സാണ്ട്രോസ് ഇക്കാര്യം പങ്കുവച്ചത്.ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂട്ടര്മാരുടെ നിര്ദ്ദേശപ്രകാരം ഒക്ടോബര് 11-ന് പ്രതിയെ അറസ്റ്റ് ചെയ്തത്.
തന്റെ തോക്ക് ജാം ആയതിനെ തുടര്ന്ന് സ്ഥലം വിട്ടുപോരേണ്ടി വന്നുവെന്നും ആക്രമണത്തിന് വീണ്ടും ശ്രമിക്കുമെന്നും പ്രതി സഹപ്രവര്ത്തകനോട് പറഞ്ഞിരുന്നു. എ.ആര്. മാതൃകയിലുള്ള റൈഫിളും ടാക്റ്റിക്കല് വെസ്റ്റ് ധരിച്ച തന്റെ ചിത്രവും അടങ്ങിയ വീഡിയോയും ഇയാള് സഹപ്രവര്ത്തകന് അയച്ചുകൊടുത്തിരുന്നു. ടാക്കോ ബെല് ഔട്ട്ലെറ്റില് ഒപ്പം ജോലി ചെയ്തിരുന്നവരാണ് ഭീഷണി സന്ദേശങ്ങള് ലഭിച്ചതിനെ തുടര്ന്ന് 911-ല് വിളിച്ചറിയിച്ചത്. തുടര്ന്ന് ചിക്കാഗോയുടെ ഉപനഗരമായ പലടൈനിലെ ഇയാളുടെ വീടിന് സമീപത്തുനിന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വെള്ളക്കാരുടെ മേധാവിത്വവാദിയായ നവ നാസിയാണെന്ന് സ്വയം വിശേഷിപ്പിച്ച പ്രതി, ആക്രമണ പദ്ധതി വിശദീകരിക്കുന്ന എട്ട് പേജുള്ള പ്രകടനപത്രികയും സഹപ്രവര്ത്തകന് അയച്ചിരുന്നു. ദക്ഷിണേഷ്യന് വംശജരെയും ഇന്ത്യക്കാരെയും ലക്ഷ്യമിട്ടുള്ള അക്രമങ്ങളും വംശീയ അധിക്ഷേപങ്ങളും ഇതില് ഉള്പ്പെട്ടിരുന്നു. പ്രതിയുടെ വസതിയില് നടത്തിയ പരിശോധനയില് സീരിയല് നമ്പര് ഇല്ലാത്ത റൈഫിളുകള്, മാഗസിനുകള്, വെടിയുണ്ടകള്, നാസി ചിഹ്നങ്ങളുള്ള ടാക്റ്റിക്കല് വെസ്റ്റ് എന്നിവ പോലീസ് കണ്ടെടുത്തു.
സംഭവത്തെ തുടര്ന്ന് ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില് സുരക്ഷ വര്ദ്ധിപ്പിച്ചു. നവരാത്രി ആഘോഷങ്ങള്ക്കിടയിലാണ് ഈ ഭീഷണി ഉണ്ടായത്. സംഭവത്തില് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം കടുത്ത ആശങ്ക രേഖപ്പെടുത്തുകയും കുറ്റക്കാര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന് യു.എസ് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. പ്രതിയുടെ കോടതിയില് ഹാജരാക്കിയതിനെ തുടര്ന്ന് ജുഡീഷ്യല് കസ്റ്റഡിയില് വിട്ടു. ഒക്ടോബര് 30-നാണ് കേസില് അടുത്ത വാദം കേള്ക്കുന്നത്.
.jpg)


