ഖലിസ്ഥാന്‍വാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കാനഡ ; ഇന്ത്യന്‍ നയതന്ത്രജ്ഞനെ പുറത്താക്കി

ഖലിസ്ഥാന്‍വാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതക കേസിന് പിന്നില്‍ ഇന്ത്യയുടെ പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. കാനഡയിലെ സിഖ് നേതാവ് ഹര്‍ദീപ് സിംഗ് ഹിജ്ജാര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് കനേഡിയന്‍ ഗവണ്‍മെന്റിന്റെ നീക്കം. ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ പവന്‍ കുമാര്‍ റായിയെയാണ് പുറത്താക്കിയത്.
കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളിയെ ഉദ്ധരിച്ച് വിവിധ രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹര്‍ദീപ് സിംഗ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യയാകാമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയത്. ഇക്കഴിഞ്ഞ ജൂണിലാണ് കാനഡയിലെ ഗുരുദ്വാരക്ക് മുന്നില്‍ വെച്ച് ഹര്‍ദീപ് സിംഗ് വെടിയേറ്റ് മരിച്ചത്.
ഇന്ത്യയുടെ നടപടി കാനഡയുടെ പരമാധികാരത്തിന്‍മേലുള്ള കടന്നുകയറ്റമെന്ന നിലയില്‍ അസ്വീകാര്യമാണ്. അതുകൊണ്ടാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയ വിവരം പുറത്തുവിടുന്നത് എന്ന് മെലാനി ജോളി പറഞ്ഞതായി ആണ് അല്‍ ജസീറ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ആരെയാണ് പുറത്താക്കിയതെന്നോ എവിടെനിന്നാണ് പുറത്താക്കിയതെന്നോ ഉള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
നേരത്തെ, ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് വ്യക്തമായതായി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും വ്യക്തമാക്കിയിരുന്നു. കാനഡ പൗരനായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നില്‍ ഇന്ത്യന്‍ ഭരണകൂടം നിയോഗിച്ച ഏജന്റുമാരാണെന്നുള്ളതിന് കാനഡയുടെ സുരക്ഷാ വിഭാഗത്തിന് വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ട്രൂഡോയുടെ വാക്കുകള്‍.
ഒരു കാനഡ പൗരന്റെ കൊലപാതകത്തില്‍ വിദേശ കരങ്ങളുടെ പങ്ക് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം ചില ഇന്ത്യന്‍ വംശജരെ കുപിതരാക്കുകയും ഭയപ്പെടുത്തുകയും ചെയ്തതായും ട്രൂഡോ വിശദീകരിച്ചിരുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ 18നാണ് ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയ്ക്കുള്ളില്‍ വച്ച് അജ്ഞാതരായ രണ്ടുപേര്‍ ഹര്‍ദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു.
ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് തലവനായ ഹര്‍ദീപിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശീയ കുറ്റാന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ജലന്ധറില്‍ ഹിന്ദു മതപുരോഹിതനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഹര്‍ദീപിനെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
കാനഡയിലെ ഇന്ത്യന്‍ വംശജനായ വ്യവസായി റിപുദാമന്‍ മാലിക്കിനെ 2022 ജൂലൈ 14ന് വെടിവച്ചുകൊന്ന കേസിലെ പ്രതിയാണ് ഹര്‍ദീപ് സിങ് നിജ്ജാര്‍. ഇതടക്കം 10 എഫ്‌ഐആറുകള്‍ ആണ് ഹര്‍ദീപിനെതിരെയുള്ളത്.കാനഡയില്‍ പ്ലമര്‍ ആയാണു ഹര്‍ദീപിന്റെ തുടക്കം.
2013ല്‍ പാക്ക് കെടിഫ് തലവന്‍ ജഗ്താര്‍ സിങ് താരയെ സന്ദര്‍ശിച്ചു. 2015ല്‍ പാക്ക് ചാരസംഘടന ഐഎസ്‌ഐ ഹര്‍ദീപിന് ആയുധപരിശീലനം നല്‍കിയെന്നു ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം കരുതുന്നു. പഞ്ചാബ് ജലന്ധറിലെ ഭരസിങ്പുര്‍ സ്വദേശിയാണ് നിജ്ജാര്‍.
അതേസമയം, നിജ്ജാറിന്റെ മരണത്തിനു പിന്നാലെ ഖലിസ്ഥാന്‍ തീവ്രവാദികള്‍ വ്യാപക അക്രമം അഴിച്ചുവിട്ടിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിച്ചു തീയിട്ടതും ഇതിന്റെ തുടര്‍ച്ചയായാണ്. ഇതിനിടെ കാനഡയില്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ നടത്തിയ റാലി ഇന്ത്യയുടെ അപ്രിയത്തിനു കാരണമായിരുന്നു.
ഖലിസ്ഥാന്‍ തീവ്രവാദികളുടെ റാലിയുടെ പോസ്റ്ററില്‍ ‘കില്‍ ഇന്ത്യ’ എന്ന പേരില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ, ടൊറന്റോയിലെ കോണ്‍സുലര്‍ ജനറല്‍ അപൂര്‍വ ശ്രീവാസ്തവ എന്നിവരുടെ ചിത്രങ്ങള്‍ നല്‍കിയതിനെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. കാനഡ റാലിയെ അപലപിച്ചിരുന്നെങ്കിലും ശക്തമായ നടപടികളെടുക്കുന്നില്ലെന്ന ആക്ഷേപം ഇന്ത്യ ഉയര്‍ത്തിയിരുന്നു.