കോപ്പിയടി വിവാദങ്ങള്‍ക്ക് പിന്നാലെ രാജി, കേംബ്രിഡ്ജിലെ ഏറ്റവും പ്രായം കുറഞ്ഞ കറുത്തവര്‍ഗ്ഗക്കാരനായ പ്രൊഫസര്‍ ജേസണ്‍ ആര്‍ഡേയെ മരിച്ച നിലയില്‍ കണ്ടെത്തി
മരണം പ്രതീക്ഷിക്കാത്ത ഒന്നായിരുന്നുവെങ്കിലും നിലവില്‍ സംശയാസ്പദമായ സാഹചര്യങ്ങളൊന്നുമില്ലെന്ന വിലയിരുത്തലിലാണ് പൊലീസുള്ളത്.
കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഏറ്റവും പ്രായം കുറഞ്ഞ കറുത്തവര്‍ഗ്ഗക്കാരനായ പ്രൊഫസര്‍ എന്ന നേട്ടത്തിലൂടെ ശ്രദ്ധേയനായ ജേസണ്‍ ആര്‍ഡേയെ മരിച്ച നിലയില്‍ കണ്ടെത്തി. വിവാദങ്ങള്‍ക്ക് പിന്നാലെ പ്രൊഫസര്‍ പദവി രാജി വച്ചതിന് പിന്നാലെയാണ് ജേസണ്‍ ആര്‍ഡേയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബ്രിട്ടീഷ് വംശജനായ ജേസണ്‍ ആര്‍ഡേയെ ലണ്ടനിലെ ബാറ്റര്‍സിയിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 41 വയസായിരുന്നു പ്രായം. 37ാം വയസിലാണ് ജേസണ്‍ ആര്‍ഡേ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ജോലിക്കെത്തിയത്. മരണം പ്രതീക്ഷിക്കാത്ത ഒന്നായിരുന്നുവെങ്കിലും നിലവില്‍ സംശയാസ്പദമായ സാഹചര്യങ്ങളൊന്നുമില്ലെന്ന വിലയിരുത്തലിലാണ് പൊലീസുള്ളത്.
ഗവേഷണങ്ങളിലെ കോപ്പിയടി വിവാദങ്ങള്‍ക്ക് പിന്നാലെയായിരുന്നു ജേസണ്‍ ആര്‍ഡേ കേബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് രാജി വച്ചത്. 2015ല്‍ സമര്‍പ്പിച്ച പിഎച്ച്ഡി പ്രബന്ധമായിരുന്നു വിവാദങ്ങള്‍ക്ക് കാരണമായത്. മറ്റ് ഗവേഷകരുടെ പ്രബന്ധങ്ങളിലെ വിവരങ്ങള്‍ അതുപോലെ കോപ്പിയടിച്ചുവെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലും അക്കാദമിക വൃത്തങ്ങളിലും വലിയ ചര്‍ച്ചയായത്. ഇതിന് പുറമേ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, കായിക നേട്ടങ്ങള്‍ എന്നിവയെക്കുറിച്ച് ജേസണ്‍ ആര്‍ഡേ നടത്തിയ ചില പ്രസ്താവനകളും വലിയ രീതിയില്‍ വിവാദമായിരുന്നു. ഗവേഷണങ്ങളില്‍ ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാകാമെന്നും എന്നാല്‍ അത് ബോധപൂര്‍വ്വമായ കോപ്പിയടി അല്ലെന്നും നിരന്തരമായ വ്യക്തിഹത്യയും വംശീയ അധിക്ഷേപവും നേരിടേണ്ടി വരുന്നതായും വിശദമാക്കിയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് രാജി വച്ചത്.
കുട്ടിക്കാലത്ത് തന്നെ ജേസണ്‍ ആര്‍ഡേയില്‍ ഓട്ടിസം തിരിച്ചറിഞ്ഞിരുന്നു. മാത്രമല്ല, അദ്ദേഹത്തിന് മറ്റുള്ളവരെ പോലെ ശരിയായ വളര്‍ച്ചയും ഉണ്ടായിരുന്നില്ല. ശാരീരികമായ ഈ പ്രശ്‌നങ്ങള്‍ മൂലം 11 വയസ് വരെ ശരിയായ രീതിയില്‍ സംസാരിക്കാന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഈ വൈകല്യങ്ങളെ തുടര്‍ന്ന് ഏതാണ്ട് 18 വയസ് വരെ എഴുതാനും വായിക്കാനും അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഈ പരിമിതകളെയെല്ലാം മറികടന്നായിരുന്നു 37ാം വയസില്‍ ജേസണ്‍ കേബ്രിഡ്ജില്‍ പ്രൊഫസറായത്.
.jpg)

