യൂറോപ്പില്‍ വിവിധ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി ബോംബ് ഭീഷണി

flight

യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ച ശേഷം ബോംബ് സ്‌ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തില്‍ വിശദമായ പരിശോധന നടത്തി വരികയാണ്.

യൂറോപ്പില്‍ വിവിധ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായ രണ്ടാം ദിവസവും വ്യാപക ബോംബ് ഭീഷണി. ഫ്രാന്‍സ്, ബെല്‍ജിയം, ഇറ്റലി, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിരവധി വിമാനങ്ങളാണ് ഭീഷണിയെത്തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കിയത്. ഡബ്ലിനില്‍ നിന്ന് റോമിലേക്ക് പറന്ന എയര്‍ബസ് എ320 വിമാനത്തിന് നേരെ ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് ഫ്രാന്‍സിലെ എവ്‌റൂ സൈനിക വിമാനത്താവളത്തിലേക്ക് വിമാനം വഴിതിരിച്ചുവിട്ട് ലാന്‍ഡ് ചെയ്യിച്ചു. യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ച ശേഷം ബോംബ് സ്‌ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തില്‍ വിശദമായ പരിശോധന നടത്തി വരികയാണ്.


ബെല്‍ജിയത്തിലെ ബ്രസല്‍സ് വിമാനത്താവളത്തിലും ഒരു വിമാനം അടിയന്തരമായി താഴെയിറക്കി സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിനുപുറമെ, ഡബ്ലിന്‍, ഫിന്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്ന് ഇറ്റലിയിലെ റോമിലേക്ക് എത്തിയ വിമാനങ്ങളും ഭീഷണിയെ തുടര്‍ന്ന് വ്യോമസേനാ വിമാനങ്ങളുടെ അകമ്പടിയോടെ റോം ഫിയുമിസിനോ എയര്‍പോര്‍ട്ടില്‍ ഇറക്കി.

ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയിലേക്കുള്ള വിമാനങ്ങള്‍ക്കും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. തുടര്‍ച്ചയായ ദിവസങ്ങളില്‍ വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണിയുണ്ടാകുന്നത് യൂറോപ്പിലെ വ്യോമഗതാഗത മേഖലയില്‍ കടുത്ത ആശങ്കയ്ക്കും യാത്രാ തടസ്സങ്ങള്‍ക്കും കാരണമായിട്ടുണ്ട്. വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിനായി സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം ശക്തമാക്കി.

Tags