ബോംബ് ഭീഷണി ; ടെല്‍ അവീവില്‍ നിന്ന് ഓസ്ട്രിയയിലെ വിയന്നയിലേക്ക് സര്‍വീസ് നടത്തിയ ഓസ്ട്രിയന്‍ എയര്‍ലൈന്‍സ് വിമാനം അടിയന്തരമായി നിലത്തിറക്കി
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് പൈലറ്റ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തത്.
ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇസ്രയേലിലെ ടെല്‍ അവീവില്‍ നിന്ന് ഓസ്ട്രിയയിലെ വിയന്നയിലേക്ക് സര്‍വീസ് നടത്തിയ ഓസ്ട്രിയന്‍ എയര്‍ലൈന്‍സ് വിമാനം അടിയന്തരമായി നിലത്തിറക്കി. ബള്‍ഗേറിയയിലെ സോഫിയ വിമാനത്താവളത്തിലാണ് വിമാനം തിരിച്ചിറക്കിയത്. വിമാനത്തിനുള്ളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് പൈലറ്റ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തത്. എന്നാല്‍ പിന്നീട് ഭീഷണി വ്യാജമെന്ന് കണ്ടെത്തി.
51 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഈ സമയത്ത് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ലാന്‍ഡിംഗിന് തൊട്ടുപിന്നാലെ സുരക്ഷാ സേന വിമാനം വളയുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു. തുടര്‍ന്ന് വിമാനത്തിലും യാത്രക്കാരുടെ ലഗേജുകളിലും ബോംബ് സ്ക്വാഡും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും വിശദമായ പരിശോധന നടത്തി. പരിശോധനയില്‍ സംശയസ്പദമായി ഒന്നുമില്ലെന്ന് കണ്ടെത്തി. ഇതോടെ ഭീഷണി വ്യാജമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് അധികൃതരുടെ പരിശോധന പൂര്‍ത്തിയായ ശേഷം യാത്രക്കാര്‍ക്ക് യാത്ര തുടരാന്‍ അനുമതി നല്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.jpg)


