തുർക്കി തീരത്ത്​ ബോട്ട്​ മുങ്ങി അഞ്ച്​ കുടിയേറ്റക്കാർ കൊല്ലപ്പെട്ടു

death

അങ്കാറ: തെക്കുപടിഞ്ഞാറൻ തുർക്കി തീരത്ത് ബോട്ട്​ മുങ്ങി അഞ്ച് കുടിയേറ്റക്കാർ കൊല്ലപ്പെട്ടതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. അയ്​ദിൻ പ്രവിശ്യയി​ലെ ദിദിം ജില്ലയുടെ തീരത്ത് ബോട്ട്​ മുങ്ങിയത്​ അറിഞ്ഞ്​ തുർക്കി കോസ്റ്റ്ഗാർഡ് സ്ഥലത്തെത്തി. ഒരു കുട്ടിയെ അടക്കം 11 പേരെ കോസ്റ്റ്​ ഗാർഡ്​ സംഘം രക്ഷപ്പെടുത്തിയതായി ‘ഹുർറിയത്ത്​’ പത്രം റിപ്പോർട്ട്​ ചെയ്തു. കാണാതായ കുടിയേറ്റക്കാർക്കായി പ്രദേശത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഗ്രീക്ക് ദ്വീപുകളിലേക്ക് അനധികൃതമായി കപ്പൽ കയറുന്നതിന് മുമ്പ് ആഫ്രിക്കൻ പൗരൻമാരായ കുടിയേറ്റക്കാരെ മനുഷ്യക്കടത്തുകാരാണ് ദിദിമിലേക്ക് കൊണ്ടുവന്നതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട്​ ചെയ്യുന്നു. തുർക്കി വഴി യൂറോപ്പിലെത്താൻ ശ്രമിക്കുന്ന കുടിയേറ്റക്കാർക്ക് ഈജിയൻ കടൽ ഒരു പ്രധാന പാതയാണ്. അനധികൃത കുടിയേറ്റം തടയുന്നതിനായി 2016 മാർച്ചിൽ തുർക്കിയും യൂറോപ്യൻ യൂനിയനും തമ്മിൽ കരാറുണ്ട്​.

Share this story