ഇസ്രയേലിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് വീണ്ടും എത്താനുള്ള ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി

netanyahu

നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയുടെ പ്രധാന സഖ്യകക്ഷി പ്രധാനമന്ത്രി പദത്തിലേക്ക് നെതന്യാഹുവിന്റെ പേര് നിര്‍ദേശിച്ചില്ല

പ്രധാനമന്ത്രി പദത്തിലേക്ക് വീണ്ടും എത്താനുള്ള ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയുടെ പ്രധാന സഖ്യകക്ഷി പ്രധാനമന്ത്രി പദത്തിലേക്ക് നെതന്യാഹുവിന്റെ പേര് നിര്‍ദേശിച്ചില്ല. യുണൈറ്റഡ് തോറ ജൂഡായിസം പാര്‍ട്ടിയാണ് സര്‍ക്കാരുണ്ടാക്കാന്‍ ആരെയെങ്കിലും നിര്‍ദേശിക്കുന്നതില്‍ നിന്ന് പിന്മാറിയത്. എന്നാല്‍ അറബ് പാര്‍ട്ടികളുമായി സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കില്ലെന്ന് വ്യക്തമാക്കിയ ഐസന്‍കോട്ടിനെ രണ്ട് അറബ് പാര്‍ട്ടികള്‍ പ്രധാനമന്ത്രി പദത്തിലേക്ക് നിര്‍ദേശിക്കുകയും ചെയ്തു. ഇതോടെ നെതന്യാഹുവിനേക്കാള്‍ മേല്‍ക്കൈ ഐസന്‍കോട്ടിന് ലഭിച്ചു. കേവലഭൂരിപക്ഷം തെളിയിക്കാന്‍ ആരെ ക്ഷണിക്കണമെന്നതില്‍ ഇനി പ്രസിഡന്റ് ഐസക് ഹെര്‍സോഗ് തീരുമാനം എടുക്കണം.


ഐസക് ഹെര്‍സോഗ് ഉടന്‍ തന്നെ ഐസന്‍കോട്ടുമായും നെതന്യാഹുവുമായും പ്രത്യേകം ചര്‍ച്ചകള്‍ നടത്തും. മറ്റൊരു പൊതുതിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ പാര്‍ട്ടികള്‍ പരമാവധി വിട്ടുവീഴ്ച ചെയ്യണമെന്ന് ഹെര്‍സോഗ് കക്ഷി നേതാക്കളോട് ആവശ്യപ്പെട്ടു. രാജ്യം നേരിടുന്ന സുരക്ഷാ വെല്ലുവിളികളും നയതന്ത്ര പ്രതിസന്ധികളും കണക്കിലെടുത്ത് വലിയ ഉത്തരവാദിത്തമാണ് മുന്നിലുള്ളതെന്ന് ഓരോരുത്തരും തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പേര് നിര്‍ദേശിക്കാതെ പ്രമുഖ സഖ്യകക്ഷി എല്ലാവരെയും ഞെട്ടിച്ചത്.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളെ കണ്ട ശേഷം വിവിധ രാഷ്ട്രീയ കക്ഷികളുമായും ഹെര്‍സോഗ് കൂടിക്കാഴ്ച നടത്തും. നെതന്യാഹു സഖ്യത്തിന് 53 സീറ്റും പ്രതിപക്ഷത്തെ ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള മധ്യ-ഇടത് സഖ്യത്തിന് 48 സീറ്റുമാണ് ഉള്ളത്. അറബ് ജനതയെ പ്രതിനിധീകരിക്കുന്ന രണ്ട് പാര്‍ട്ടികള്‍ 19 സീറ്റുകള്‍ നേടിയിരുന്നു. നിലവില്‍ പാര്‍ട്ടികള്‍ നിര്‍ദേശിച്ച പേരുകള്‍ പ്രകാരം ഐസന്‍കോട്ടിനാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ മുന്‍തൂക്കം.

Tags