'പലസ്തീനിലെ വംശഹത്യയെ ന്യായീകരിക്കാനുള്ള അടിസ്ഥാനമില്ലാത്ത നുണ'; നെതന്യാഹുവിന് മറുപടിയുമായി മംദാനി
'പ്രധാനമന്ത്രി നെതന്യാഹു പലതവണ പറഞ്ഞതുപോലെ, പലസ്തീനിലെ വംശഹത്യയെ ശുദ്ധീകരിക്കാനുള്ള അടിസ്ഥാനമില്ലാത്ത നുണകളാണ് ആവര്‍ത്തിക്കുന്നത്.
'ജൂത വിരുദ്ധന്‍' പരാമര്‍ശത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് രൂക്ഷ ഭാഷയില്‍ മറുപടിയുമായി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന്‍ മംദാനി. 'പലസ്തീനിയിലെ വംശഹത്യയെ ന്യായീകരിക്കാനുള്ള അടിസ്ഥാനമില്ലാത്ത നുണകള്‍' ആണ് നെതന്യാഹുവിന്റേതെന്ന് മംദാനി മറുപടി നല്‍കി. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നെതന്യാഹു നടത്തിയ വിമര്‍ശനത്തിനായിരുന്നു മംദാനിയുടെ മറുപടി.
'പ്രധാനമന്ത്രി നെതന്യാഹു പലതവണ പറഞ്ഞതുപോലെ, പലസ്തീനിലെ വംശഹത്യയെ ശുദ്ധീകരിക്കാനുള്ള അടിസ്ഥാനമില്ലാത്ത നുണകളാണ് ആവര്‍ത്തിക്കുന്നത്. എന്നിരുന്നാലും യുദ്ധകുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ടിന് അദ്ദേഹം വിധേയനായി തുടരുന്നു എന്ന വസ്തുതയെ ഒരു നുണയ്ക്കും മാറ്റാന്‍ കഴിയില്ല', എന്ന് മംദാനി പറഞ്ഞു. മംദാനി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ന്യൂയോര്‍ക്ക് സിറ്റിയിലെ ജൂതന്മാര്‍ അരക്ഷിതരാണെന്ന് നെതന്യാഹു യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പറഞ്ഞിരുന്നു. ഇതിനോടാണ് മംദാനി രൂക്ഷഭാഷയില്‍ പ്രതികരിച്ചത്.
'ഈ നഗരത്തിന്റെ മേയര്‍ ആയി നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടതുമുതല്‍ ജൂതന്മാര്‍ അരക്ഷിതരാണ്. നമ്മുടെ ഓര്‍മ്മയിലുള്ള നഗരം അല്ല ഇതെന്നും വളരെ വേഗം മാറിയെന്നും അവര്‍ എന്നോട് പറഞ്ഞു. ഹമാസിനെ പിന്തുണച്ചതിന് ശിക്ഷിക്കപ്പെട്ടവരെ നിങ്ങള്‍ പ്രശംസിക്കുന്നു. അമേരിക്ക 9/11 അര്‍ഹിക്കുന്നുണ്ടെന്ന് പറഞ്ഞ ഹസന്‍ പിക്കറിനെപ്പോലുള്ളവരെ നിങ്ങള്‍ സുഹൃത്തുക്കളായി കണക്കാക്കുന്നു. നിങ്ങള്‍ക്ക് ചില സുഹൃത്തുക്കളുണ്ട്. ഹമാസ് ഭീകരര്‍ ഇസ്രായേലി ബന്ദികളെ തല്ലുന്നതും പീഡിപ്പിക്കുന്നതും ചിത്രീകരിച്ച ഒരു പലസ്തീന്‍ പത്രപ്രവര്‍ത്തകനെ നിങ്ങള്‍ നിങ്ങളുടെ വീട്ടിലേക്ക് ക്ഷണിച്ചു, നിങ്ങള്‍ ഊഹിച്ചതുപോലെ, പിന്നീട് തീവ്രവാദികളെ സംരക്ഷിക്കാന്‍ വേണ്ടി അദ്ദേഹം വീഡിയോകള്‍ പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചു', എന്ന് ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചിരുന്നു.
'ഈ ഹാളിലിരുന്നാലും ന്യൂയോര്‍ക്കിലെ ജൂതവിരുദ്ധ മേയറുടെ ഓഫീസിലിരുന്നാലും എന്റെ രാജ്യത്തെക്കുറിച്ച് നുണകള്‍ പ്രചരിപ്പിക്കുന്ന എല്ലാവരോടും എനിക്ക് പറയാനുള്ളത് 'ലജ്ജിക്കണം' എന്നായിരുന്നു. 'മിസ്റ്റര്‍ മംദാനി, ഞാന്‍ ഇവിടെ വരുന്നത് തടയാന്‍ നിങ്ങള്‍ ശ്രമിച്ചു. എന്നെ നിശബ്ദനാക്കാന്‍ നിങ്ങള്‍ ശ്രമിച്ചു. എന്നാല്‍ നിങ്ങള്‍ക്ക് എന്നെ നിശബ്ദനാക്കാനാകില്ല' എന്നും നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. ഗാസയില്‍ ഇസ്രയേല്‍ വംശഹത്യ നടത്തിയെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു.
.jpg)

