ഷെയ്ഖ് ഹസീന തിരിച്ചെത്തിയാൽ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കും; കൈമാറ്റ കരാർ ഇന്ത്യ മാനിക്കുമെന്ന് ബംഗ്ലാദേശ്

Bangladesh says India will honour extradition deal with Sheikh Hasina if she returns

ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തിയാൽ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്ന് ബംഗ്ലാദേശ് സർക്കാർ വ്യക്തമാക്കി. ഇന്ത്യയിൽ നിന്ന് തിരിച്ചെത്തിയാൽ ഹസീനയെ അറസ്റ്റ് ചെയ്യുമെന്നും, കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട കരാർ ഇന്ത്യ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഷാമ ഒബൈദ് ഇസ്ലാം പറഞ്ഞു.

ഡിസംബറിൽ ഷെയ്ഖ് ഹസീന തിരിച്ചെത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ ബംഗ്ലാദേശിൽ രാഷ്ട്രീയ സംഘർഷങ്ങളും തെരുവ് അക്രമങ്ങളും രൂക്ഷമാകുന്നതിനിടയാണ് മന്ത്രിയുടെ പ്രതികരണം. 2024-ൽ ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്ത ശേഷം ഇന്ത്യയിൽ കഴിയുന്ന ഹസീനയെ വിട്ടുകിട്ടാൻ ധാക്ക ശ്രമങ്ങൾ തുടരുകയാണ്. നിലവിലുള്ള കൈമാറ്റ കരാർ പ്രകാരം ന്യൂഡൽഹി ഇതിനോട് സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഒബൈദ് ഇസ്ലാം വ്യക്തമാക്കി.

ബംഗ്ലാദേശ് മന്ത്രിയുടെ പ്രസ്താവനയോട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം പരിശോധിച്ചുവരികയാണെന്ന് 2026 ഏപ്രിലിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ അട്ടിമറിക്കപ്പെട്ടതോടെയാണ് അവർ പലായനം ചെയ്ത് ഇന്ത്യയിൽ അഭയം തേടിയത്. പ്രക്ഷോഭകരെ അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ബംഗ്ലാദേശ് ട്രൈബ്യൂണൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു.

Tags