ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്‌മാന്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും

tarique rahman

ഇന്ത്യയില്‍ അഭയം തേടിയിരിക്കുന്ന മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ച നടക്കുന്നത്.

ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും 25 നും ഇടയിലുള്ള തീയതികളിലായി ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം താരിഖ് റഹ്‌മാന്‍ നടത്തുന്ന ആദ്യ ഔദ്യോഗിക ഇന്ത്യ സന്ദര്‍ശനമാണിത്. ഡല്‍ഹിക്കും ധാക്കയ്ക്കും ഒരുപോലെ തന്ത്രപ്രധാനമായ ഈ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള അത്യന്തം സങ്കീര്‍ണ്ണമായ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തേക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

2024-ല്‍ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ പുറത്തായതിനെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ സാധാരണ നിലയിലാക്കാന്‍ ഈ സന്ദര്‍ശനം സഹായിക്കുമെന്നാണ് പ്രതീക്ഷ. ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ദിനേശ് ത്രിവേദി ന്യൂഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ നിര്‍ണ്ണായക കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സന്ദര്‍ശന തീയതികള്‍ സംബന്ധിച്ച പ്രാഥമിക ധാരണയായത്.

ഇന്ത്യയില്‍ അഭയം തേടിയിരിക്കുന്ന മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ച നടക്കുന്നത്. ഷെയ്ഖ് ഹസീനയെ കൈമാറണം എന്ന ആവശ്യം ആവര്‍ത്തിക്കുമെന്നാണ് വിവരം. കൂടാതെ മുന്‍പ് നിര്‍ത്തിവെച്ച വിസ സേവനങ്ങള്‍ പുനരാരംഭിക്കല്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള നദീജല പങ്കിടല്‍ കരാറുകള്‍, ഊര്‍ജ്ജ-വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തല്‍ തുടങ്ങിയവ ചര്‍ച്ചകളില്‍ പ്രധാന വിഷയങ്ങളാകും.

അതേസമയം ഇന്ത്യയില്‍ അഭയം തേടിയിരിക്കുന്ന മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതി തീരുമാനിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഹസീനയെ കൈമാറണം എന്ന ബംഗ്ലാദേശിന്റെ അഭ്യര്‍ത്ഥന ലഭിച്ചുവെന്നും വിഷയത്തില്‍ രാഷ്ട്രീയമോ നയപരമോ ആയി തീരുമാനം എടുക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

രാഷ്ട്രീയ അട്ടിമറിക്ക് പിന്നാലെ 2024 ഓഗസ്റ്റ് 5നാണ് ധാക്കയില്‍ നിന്നും ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത്. പിന്നാലെ നിലവിലെ ബംഗ്ലാദേശ് ഭരണകൂടം ഇവര്‍ക്ക് വധശിക്ഷയും വിധിച്ചിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ബംഗ്ലാദേശിലേക്ക് മടങ്ങാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് കഴിഞ്ഞ മൂന്ന് മാസത്തിനിടെ പലതവണ ഫോണിലൂടെയും ഇമെയില്‍ വഴിയും അവര്‍ അഭിമുഖങ്ങള്‍ നല്‍കിയിരുന്നു.

Tags