16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിൽ വീഴ്ച ; പ്രമുഖ കമ്പനികൾക്കെതിരെ നിയമനടപടിക്കൊരുങ്ങി ആസ്‌ട്രേലിയ
മെൽബൺ: 16 വയസ്സിൽ താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഒഴിവാക്കുന്നതിൽ പരാജയപ്പെട്ട ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക് ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾക്കെതിരെ കർശന നിയമനടപടിക്കൊരുങ്ങി ആസ്‌ട്രേലിയൻ ഗവൺമെന്റ്. ഡിസംബർ 10ന് നിലവിൽ വന്ന പുതിയ നിയമങ്ങൾ പാലിക്കുന്നതിൽ കമ്പനികൾ വീഴ്ച വരുത്തിയതായി ആസ്‌ട്രേലിയയുടെ ഓൺലൈൻ സേഫ്റ്റി വാച്ച്ഡോഗ് റിപ്പോർട്ട് ചെയ്തു.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ്, ടിക് ടോക്, യൂട്യൂബ് എന്നിവയാണ് അന്വേഷണം നേരിടുന്ന പ്ലാറ്റ്‌ഫോമുകൾ. പ്രായപരിധി പരിശോധിക്കുന്നതിൽ വരുത്തിയ വീഴ്ചകളും കുട്ടികൾ വ്യാജ വിവരങ്ങൾ നൽകി അക്കൗണ്ട് തുടങ്ങുന്നത് തടയാത്തതുമാണ് നിയമലംഘനം. ചട്ടങ്ങൾ ലംഘിക്കുന്ന കമ്പനികൾക്ക് 49.5 ദശലക്ഷം ആസ്‌ട്രേലിയൻ ഡോളർ (ഏകദേശം 33 ദശലക്ഷം യു.എസ് ഡോളർ) വരെ പിഴ ചുമത്താൻ കോടതിക്ക് അധികാരമുണ്ട്. ആസ്‌ട്രേലിയൻ ഇ-സേഫ്റ്റി കമീഷണർ ജൂലി ഇൻമാൻ ഗ്രാന്റ് പുറത്തുവിട്ട ആദ്യ കംപ്ലയൻസ് റിപ്പോർട്ടിലാണ് പ്ലാറ്റ്‌ഫോമുകളുടെ വീഴ്ചകൾ അക്കമിട്ട് നിരത്തുന്നത്.
‘50 ലക്ഷത്തോളം അക്കൗണ്ടുകൾ ഇതിനോടകം നീക്കം ചെയ്തിട്ടുണ്ടെങ്കിലും, വൻതോതിൽ കുട്ടികൾ ഇപ്പോഴും ഈ പ്ലാറ്റ്‌ഫോമുകളിൽ സജീവമാണ്. പ്രായം തെളിയിക്കാനുള്ള പ്ലാറ്റ്‌ഫോമുകളുടെ സംവിധാനങ്ങൾ മറികടന്ന് പുതിയ അക്കൗണ്ടുകൾ നിർമിക്കാൻ കുട്ടികൾക്ക് സാധിക്കുന്നുണ്ട്’ ജൂലി ഇൻമാൻ ഗ്രാന്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. തങ്ങൾ പ്രായപൂർത്തിയായിട്ടില്ല എന്ന് രേഖപ്പെടുത്തിയവർക്ക് പോലും വീണ്ടും അക്കൗണ്ട് തുടങ്ങാൻ പ്ലാറ്റ്‌ഫോമുകൾ പ്രേരിപ്പിക്കുന്നതായും, പ്രായം തെളിയിക്കുന്നതിന് എത്ര തവണ വേണമെങ്കിലും ശ്രമിക്കാൻ അനുവാദം നൽകുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
.jpg)


