ചെങ്കടലില്‍ ഇന്ത്യന്‍ ചരക്കുകപ്പലിന് നേരെ ആക്രമണം; കപ്പല്‍ മുങ്ങി, 13 ഇന്ത്യക്കാരുള്‍പ്പെടെ 14 ജീവനക്കാരെയും രക്ഷപ്പെടുത്തി
രക്ഷപ്പെടുത്തിയ ജീവനക്കാരെ യെമനിലെ മൊഖ തുറമുഖത്ത് എത്തിച്ചതായും എല്ലാവരും സുരക്ഷിതരാണെന്നും റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു.
ചെങ്കടലില്‍ യെമന്‍ തീരത്തിന് സമീപം ഇന്ത്യന്‍ ചരക്കുകപ്പലായ 'എം.എസ്.വി ഫൈസ് നൂറെ ഒലിയ'ക്ക് നേരെ പ്രൊജക്‌റ്റൈല്‍ ആക്രമണമുണ്ടായി. ആക്രമണത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട കപ്പല്‍ തലകീഴായി മറിഞ്ഞ് സമുദ്രത്തില്‍ മുങ്ങി. എന്നാല്‍, കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യന്‍ പൗരന്മാരും ഒരു യെമന്‍ പൗരനുമുള്‍പ്പെടെ 14 ജീവനക്കാരെയും യെമന്‍ കോസ്റ്റ് ഗാര്‍ഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ ജീവനക്കാരെ യെമനിലെ മൊഖ തുറമുഖത്ത് എത്തിച്ചതായും എല്ലാവരും സുരക്ഷിതരാണെന്നും റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു.
കപ്പലിന് നേരെ നടന്ന പ്രകോപനമില്ലാത്ത ആക്രമണത്തെ കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോണോവാളും വിദേശകാര്യ മന്ത്രാലയവും ശക്തമായി അപലപിച്ചു. തങ്ങളുടെ പൗരന്മാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയ മന്ത്രി, മേഖലയിലെ ഇന്ത്യന്‍ നാവികരുടെയും കപ്പല്‍ ജീവനക്കാരുടെയും പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനും രക്ഷപ്പെട്ടവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നതിനും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗിന് കര്‍ശന നിര്‍ദ്ദേശം നല്‍കി. ചെങ്കടലിലൂടെയുള്ള രാജ്യാന്തര കപ്പല്‍ ഗതാഗതത്തിന് നേരെ നിരന്തരം ഉണ്ടാകുന്ന ആക്രമണങ്ങളില്‍ ഇന്ത്യ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തുകയും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ട് സുരക്ഷിതമായ ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ റിയാദിലെ ഇന്ത്യന്‍ എംബസി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും യെമന്‍ അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അറിയിച്ചു. ജീവനക്കാരെ വേഗത്തില്‍ രക്ഷപ്പെടുത്തിയ യെമന്‍ ഭരണകൂടത്തിനും കോസ്റ്റ് ഗാര്‍ഡിനും ഇന്ത്യ നന്ദി അറിയിച്ചു. മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ചൊവ്വാഴ്ച ഹൊര്‍മുസ് കടലിടുക്കിന് സമീപം മറ്റൊരു ലൈബീരിയന്‍ ചരക്കപ്പലിന് നേരെയും സമാനമായ ആക്രമണം നടന്നിരുന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ അന്താരാഷ്ട്ര നാവിക പാതകളിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
.jpg)

