ഇറാനെതിരെ മൂന്നാം തവണയും ആക്രമണം നടത്താൻ മടിക്കില്ല ; നെതന്യാഹു

Netanyahu

 ജറുസലേം: ആവശ്യമെങ്കിൽ ഇറാനെതിരെ മൂന്നാം തവണയും സൈനിക ആക്രമണം നടത്താൻ ഇസ്രായേൽ മടിക്കില്ലെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. കഴിഞ്ഞ വർഷം ജൂണിലും ഈ വർഷം തുടക്കത്തിലുമായി ഇറാനെതിരെ നടത്തിയ രണ്ട് പ്രധാന സൈനിക നടപടികളെ സൂചിപ്പിച്ചുകൊണ്ടാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. താൻ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കാൻ അനുവദിക്കില്ലെന്നും നെതന്യാഹു ആവർത്തിച്ചു.

കഴിഞ്ഞ മൂന്ന് വർഷമായി ഇസ്രായേൽ കൈവരിച്ച സൈനിക നേട്ടങ്ങളെക്കുറിച്ച് ‘ചാനൽ 14’ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നെതന്യാഹു. താൻ ഇറാനെതിരെ ഇതിനകം രണ്ടുതവണ ശക്തമായ പ്രഹരമേൽപ്പിച്ചിട്ടുണ്ടെന്നും, സാഹചര്യം ആവശ്യപ്പെട്ടാൽ മൂന്നാം തവണയും അത് ആവർത്തിക്കാൻ ഇസ്രായേൽ തയാറാണെന്നും നെതന്യാഹു പറഞ്ഞു. ‘ഇനിയും ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ട്. ഇറാനിയൻ അച്ചുതണ്ടിന്റെ അവശേഷിക്കുന്ന ഭാഗങ്ങളെയും ശക്തമായി കൈകാര്യം ചെയ്യും. യുദ്ധം ഒരിക്കലും അവസാനിക്കുന്നില്ല’- നെതന്യാഹു കൂട്ടിച്ചേർത്തു.

ഇറാൻ-ഇസ്രായേൽ സംഘർഷം പശ്ചിമേഷ്യയിൽ വലിയ അസ്ഥിരത സൃഷ്ടിച്ച സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ ഈ പ്രസ്താവന വരുന്നത്. തങ്ങൾ വലിയ ശക്തിയാണെന്നും, ഇസ്രായേൽ മുമ്പത്തേക്കാളും ശക്തമാണെന്നും ശത്രുക്കളുടെ നീക്കങ്ങളെ നേരത്തെ തന്നെ തിരിച്ചറിയാനും അവരെ ദുർബലപ്പെടുത്താനും ഇസ്രായേലിന് സാധിച്ചിട്ടുണ്ടെന്നും നെതന്യാഹു അവകാശപ്പെട്ടു. 

Tags