യുദ്ധം നീളുന്നതിനിടെ അമേരിക്കയുടെ പക്കലുള്ള ദീര്‍ഘദൂര ആക്രമണ മിസൈലുകളില്‍ ഭൂരിഭാഗം ഉപയോഗിച്ചു കഴിഞ്ഞതായി റിപ്പോര്‍ട്ട്

Trump

ഭാവിയില്‍ ചൈന ഉള്‍പ്പെടെയുള്ള ശക്തരായ എതിരാളികളുമായി ഏതെങ്കിലും തരത്തിലുള്ള യുദ്ധം ഉണ്ടായാല്‍ അതിനെ നേരിടാന്‍ അമേരിക്കന്‍ സേന എത്രത്തോളം സജ്ജമാണെന്ന ചോദ്യവും ഇതോടൊപ്പം ഉയര്‍ന്നുവരുന്നു.

ഇറാനുമായി മാസങ്ങളായി തുടരുന്ന യുദ്ധത്തിനിടയില്‍ അമേരിക്കയുടെ പക്കലുള്ള ദീര്‍ഘദൂര ആക്രമണ മിസൈലുകളില്‍ വലിയ ഭാഗം ഉപയോഗിച്ചു കഴിഞ്ഞതായി റിപ്പോര്‍ട്ട്. റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം അമേരിക്ക കടുത്ത ആയുധക്ഷാമം നേരിടുന്നുണ്ട്. ഭാവിയില്‍ ചൈന ഉള്‍പ്പെടെയുള്ള ശക്തരായ എതിരാളികളുമായി ഏതെങ്കിലും തരത്തിലുള്ള യുദ്ധം ഉണ്ടായാല്‍ അതിനെ നേരിടാന്‍ അമേരിക്കന്‍ സേന എത്രത്തോളം സജ്ജമാണെന്ന ചോദ്യവും ഇതോടൊപ്പം ഉയര്‍ന്നുവരുന്നു.

പ്രധാനമായും കരയില്‍ നിന്ന് തൊടുക്കാവുന്ന തന്ത്രപ്രധാന ആയുധങ്ങളായ 'എറ്റാകംസ്', പുതിയ തലമുറയില്‍പ്പെട്ട 'പ്രസിഷന്‍ സ്ട്രൈക്ക് മിസൈലുകള്‍' എന്നിവയുടെ വലിയ ശേഖരമാണ് അമേരിക്ക ഇറാന് എതിരായ ആക്രമണങ്ങള്‍ക്ക് ഉപയോഗിച്ചത്. ഇവയില്‍ ഭൂരിഭാഗവും ഇപ്പോള്‍ തീര്‍ന്നെന്നാണ് വിവരം. അമേരിക്കന്‍ സൈന്യത്തിന് ആള്‍നാശം സംഭവിക്കാതിരിക്കാന്‍ പൈലറ്റുള്ള യുദ്ധവിമാനങ്ങള്‍ ഇറാന്റെ വ്യോമാതിര്‍ത്തിയിലേക്ക് അയക്കുന്നതിന് പകരം, ദീര്‍ഘദൂര മിസൈലുകളാണ് ട്രംപ് ഭരണകൂടം വ്യാപകമായി ഉപയോഗിച്ചത്. അമേരിക്കന്‍ ആയുധശേഖരത്തിലെ ടോമഹോക്ക് ക്രൂയിസ് മിസൈലുകളില്‍ പകുതിയും ഇറാന്‍ യുദ്ധത്തില്‍ ഉപയോഗിച്ചുകഴിഞ്ഞു. കൂടാതെ, പേട്രിയറ്റ് ഇന്റര്‍സെപ്റ്ററുകളുടെ 65 ശതമാനവും അത്യാധുനിക എയര്‍ ഡിഫന്‍സ് സിസ്റ്റമായ 'താഡ്' മിസൈലുകളുടെ 38 ശതമാനത്തോളവും ഇതിനകം ഉപയോഗിച്ചു കഴിഞ്ഞുവെന്ന് പ്രതിരോധ പഠന കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു. മധ്യപൂര്‍വേഷ്യന്‍ മേഖലയുടെ ചുമതലയുള്ള യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പക്കലുണ്ടായിരുന്ന മിസൈല്‍ ശേഖരം ഏതാണ്ട് അവസാനിച്ചതോടെ, ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വിന്യസിച്ചിരുന്ന ആയുധശേഖരത്തില്‍ നിന്നാണ് നിലവില്‍ ഇങ്ങോട്ട് മിസൈലുകള്‍ എത്തിക്കുന്നത്.

എന്നാല്‍, ആയുധക്ഷാമം സംബന്ധിച്ച ആശങ്കകള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളി. ലോകത്ത് മറ്റാരെക്കാളും കൂടുതല്‍ ആയുധങ്ങളും വെടിക്കോപ്പുകളും അമേരിക്കയുടെ പക്കലുണ്ടെന്നും ആവശ്യത്തില്‍ കൂടുതല്‍ കരുത്ത് രാജ്യത്തിനുണ്ടെന്നും ട്രംപ് പ്രതികരിച്ചു. നിലവില്‍ യുഎസ് പ്രതിരോധ നിര്‍മ്മാണ കമ്പനികള്‍ എക്കാലത്തെക്കാളും ഉയര്‍ന്ന നിരക്കില്‍ പുതിയ മിസൈലുകള്‍ നിര്‍മ്മിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags