ആപ്പിള്‍, ഗൂഗിള്‍, മെറ്റ.. തുടങ്ങി 18 അമേരിക്കന്‍ കമ്പനികള്‍ക്കെതിരെ ആക്രമണം തുടങ്ങും ; ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ്

meta

കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ലക്ഷ്യസ്ഥാനങ്ങള്‍ ട്രാക്ക് ചെയ്യുന്നതിനും യുഎസ് ടെക് കമ്പനികളാണ് പ്രധാന പങ്കുവഹിച്ചതെന്നാണ് ഇറാന്റെ വാദം.

തങ്ങളുടെ ഉന്നത നേതാക്കളെ വധിച്ചതിന് തിരിച്ചടിയായി പ്രമുഖ യുഎസ് ടെക് സ്ഥാപനങ്ങളെ ലക്ഷ്യം വയ്ക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ്. ആപ്പിള്‍, ഗൂഗിള്‍, മെറ്റ, ബോയിംഗ് തുടങ്ങി 18 മുന്‍നിര അമേരിക്കന്‍ കമ്പനികള്‍ക്കെതിരെ ഏപ്രില്‍ 1 മുതല്‍ ആക്രമണം തുടങ്ങുമെന്നാണ് മുന്നറിയിപ്പ്. ഈ കമ്പനികള്‍ യുഎസിന്റെ 'ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങളില്‍' പങ്കാളികളാണെന്ന് ഇറാന്‍ ആരോപിക്കുന്നു.
ഇറാന്‍ സമയം ഏപ്രില്‍ 1 ബുധനാഴ്ച രാത്രി 8:00 മണി മുതല്‍ ആക്രമണങ്ങള്‍ പ്രതീക്ഷിക്കാമെന്ന് റെവല്യൂഷണറി ഗാര്‍ഡ്സ് പ്രസ്താവനയില്‍ അറിയിച്ചു. ജീവന്‍ രക്ഷിക്കാനായി ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഉടനടി ജോലിസ്ഥലം വിട്ടുപോകണമെന്ന് ഇറാന്‍ നിര്‍ദ്ദേശിച്ചു. കൂടാതെ, ഈ കമ്പനികള്‍ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. ആപ്പിള്‍, മെറ്റാ, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഇന്റല്‍, ഐബിഎം, ഡെല്‍, ടെസ്ല, എന്‍വിഡിയ, ബോയിംഗ്, എച്ച്പി, സിസ്‌കോ, ഒറാക്കിള്‍, പാലാന്റിര്‍, ജെ.പി മോര്‍ഗന്‍, ജിഇ, സ്പയര്‍ സൊല്യൂഷന്‍സ്, ജി42 എന്നീ കമ്പനികള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്നാണ് അറിയിപ്പ്.

ഫെബ്രുവരി 28-ന് യുദ്ധത്തിന്റെ ആദ്യ ദിനത്തില്‍ ഇറാന്റെ പരമോന്നത നേതാവ് അലി ഖൊമേനി, റെവല്യൂഷണറി ഗാര്‍ഡ്സ് കമാന്‍ഡര്‍ ഇന്‍ ചീഫ് മുഹമ്മദ് പക്പൂര്‍ എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് സുരക്ഷാ മേധാവി അലി ലാരിജാനി ഉള്‍പ്പെടെയുള്ള പ്രമുഖരും വധിക്കപ്പെട്ടു. ഈ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ലക്ഷ്യസ്ഥാനങ്ങള്‍ ട്രാക്ക് ചെയ്യുന്നതിനും യുഎസ് ടെക് കമ്പനികളാണ് പ്രധാന പങ്കുവഹിച്ചതെന്നാണ് ഇറാന്റെ വാദം. ഈ കമ്പനികളെ 'ഭീകര സ്ഥാപനങ്ങള്‍' എന്നാണ് ഇറാന്‍ വിശേഷിപ്പിച്ചത്. 

Tags