ന്യൂയോര്‍ക്ക് സിറ്റി സബ്വേയില്‍ റയില്‍വേ ട്രാക്കില്‍ ഇരിക്കുകയായിരുന്ന ഇന്ത്യന്‍ വംശജരായ യുവാവും യുവതിയും ട്രെയിന്‍ തട്ടി
മാന്‍ഹാട്ടന്‍ ഡൗണ്‍ടൗണിലെ സ്പ്രിങ് സിറ്റി റെയില്‍വെ സ്റ്റേഷനിലെ റെയില്‍പാളത്തില്‍ പ്രാദേശിക സമയം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റി സബ്വേയില്‍ റയില്‍വേ ട്രാക്കില്‍ ഇരിക്കുകയായിരുന്ന ഇന്ത്യന്‍ വംശജരായ യുവാവും യുവതിയും ട്രെയിന്‍ തട്ടി കൊല്ലപ്പെട്ടു. മലൈക ചിത്ര, നവം കൗള്‍ എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും 24 വയസായിരുന്നു പ്രായം. മാന്‍ഹാട്ടന്‍ ഡൗണ്‍ടൗണിലെ സ്പ്രിങ് സിറ്റി റെയില്‍വെ സ്റ്റേഷനിലെ റെയില്‍പാളത്തില്‍ പ്രാദേശിക സമയം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടെന്ന് ന്യൂയോര്‍ക്ക് സിറ്റി പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
സംഭവം നടക്കുന്ന സമയത്ത് ഇരുവരും റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന് താഴെയുള്ള ട്രാക്കില്‍ ഇരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ സമയത്ത് ട്രാക്കിലേക്ക് കടന്നുവന്ന സബ്വേ ട്രെയിന്‍ ഇവരെ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം തുടരുകയാണെന്ന് ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചു. ഇവര്‍ എന്തിനാണ് അപകടകരമായ രീതിയില്‍ ട്രാക്കില്‍ കയറി ഇരുന്നത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ഈ മേഖലയിലെ സബ്വേ ഗതാഗതം ഏറെ നേരം തടസ്സപ്പെടുകയും ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു.
.jpg)

