അമേരിക്കയുടേത് 'കടൽക്കൊള്ള' ; കടുത്ത ആരോപണങ്ങളുമായി ഐക്യരാഷ്ട്രസഭയിൽ ഇറാൻ

un

 തെഹ്‌റാൻ: ഹുർമുസ് കടലിടുക്കിൽ സംഘർഷം മൂർച്ഛിക്കുന്നതിനിടെ അമേരിക്കക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഇറാൻ ഐക്യരാഷ്ട്രസഭയിൽ. ഇറാനിയൻ കപ്പലുകൾ അമേരിക്ക നിയമവിരുദ്ധമായി പിടിച്ചെടുക്കുന്നത് കടൽക്കൊള്ളയാണെന്ന് ആരോപിച്ച് ഇറാൻ യു.എന്നിന് ഔദ്യോഗിക പരാതി നൽകി. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും രക്ഷാസമിതി അംഗങ്ങൾക്കുമാണ് ഇറാന്റെ യു.എൻ പ്രതിനിധി അമീർ സയീദ് ഇറവാനി കത്തയച്ചത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും അധിനിവേശം അവസാനിക്കാതെ ഹുർമുസ് കടലിടുക്ക് തുറന്നുകൊടുക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.

ഇസ്രായേലും അമേരിക്കയും ആക്രമണങ്ങൾ അവസാനിപ്പിച്ചാൽ മാത്രമേ ഹുർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സഞ്ചാരം പുനരാരംഭിക്കുന്നത് പരിഗണിക്കൂ എന്ന് ഇറാൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ റെസ തലായ് നിക് പറഞ്ഞു. ഇറാന്റെ സുരക്ഷയെ ബാധിക്കാത്ത പ്രോട്ടോക്കോളുകൾ പാലിച്ചാൽ മാത്രമേ ഇതിന് അനുമതി നൽകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം അമേരിക്കയുമായി വെടിനിർത്തൽ നിലവിലുണ്ടെങ്കിലും പശ്ചിമേഷ്യയിലെ സാഹചര്യം ഇപ്പോഴും 'യുദ്ധാവസ്ഥ'യിൽ തന്നെ തുടരുകയാണെന്ന് ഇറാനിയൻ സൈന്യം മുന്നറിയിപ്പ് നൽകി. യു.എസ് നാവികസേന ഉപരോധം ഏർപ്പെടുത്തിയ ഹുർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം തങ്ങൾക്കാണെന്നും സൈന്യം അവകാശപ്പെട്ടു.

Tags