അമേരിക്കയല്ല, ഇന്ത്യയാണ് ഞങ്ങളുടെ കരുത്ത് ; ഇസ്രായേൽ പ്രധാനമന്ത്രി ബിനമ്യൻ നെതന്യാഹു

Israeli Prime Minister Benjamin Netanyahu heaps praise on India

 വാഷിങ്‌ടൺ: ഇസ്രായേലിന് ലോകത്ത് അമേരിക്കയല്ലാതെ മറ്റൊരു ‘ശക്തമായ സഖ്യകക്ഷിയില്ലെന്ന’അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇസ്രായേൽ പ്രധാനമന്ത്രി ബിനമ്യൻ നെതന്യാഹു. അമേരിക്ക തങ്ങളുടെ ഏറ്റവും വലിയ സുഹൃത്താണെന്ന് സമ്മതിക്കുമ്പോഴും, ഇന്ത്യ നൽകുന്നത് ‘അതിശക്തമായ പിന്തുണയാണെന്ന്’ നെതന്യാഹു വ്യക്തമാക്കി. ‘ഫോക്സ് ന്യൂസി’ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഇന്ത്യയെന്ന രാജ്യത്തെക്കുറിച്ച് എടുത്തുപറയേണ്ടതുണ്ട്.140 കോടി ജനങ്ങളുള്ള ആ രാജ്യത്ത് നിന്ന് ഞങ്ങൾക്ക് ലഭിക്കുന്നത് അതിശക്തമായ പിന്തുണയാണ്’- നെതന്യാഹു പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്‌ബുക്കിൽ ഇന്ത്യയിൽ നിന്ന് വലിയ തോതിലുള്ള പിന്തുണയാണ് തനിക്ക് ലഭിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വൈറ്റ് ഹൗസിലെ ഇസ്രായേലിന്റെ ‘ഏറ്റവും വലിയ സുഹൃത്ത്’എന്ന് വിശേഷിപ്പിച്ച നെതന്യാഹു, താൻ ജെ.ഡി. വാൻസിനെ ബഹുമാനിക്കുന്നുണ്ടെന്നും എന്നാൽ അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളോടും യോജിക്കാനാവില്ലെന്നും തുറന്നുപറഞ്ഞു. ഇസ്രായേലിനെതിരായ യുദ്ധങ്ങൾക്കിടയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വലിയ പ്രതിഷേധങ്ങൾ നേരിടുന്ന ഘട്ടത്തിലാണ് നെതന്യാഹു ഇന്ത്യയെ തങ്ങളുടെ സുഹൃദ്‌രാജ്യമായി എടുത്തുപറഞ്ഞതെന്നത് ശ്രദ്ധേയമാണ്.

ചില രാജ്യങ്ങളിൽ സോഷ്യൽ മീഡിയയിൽ ഇസ്രായേൽ വിരുദ്ധവും ജൂതവിരുദ്ധവുമായ പ്രചാരണങ്ങൾ നടക്കുന്നത് ‘ഫാഷനായി’ മാറിയിരിക്കുകയാണെന്ന് നെതന്യാഹു ആരോപിച്ചു. എന്നാൽ, ഇത്തരം രാജ്യങ്ങളിലെ ഭരണാധികാരികൾ പോലും സ്വകാര്യമായി തങ്ങളെ ബന്ധപ്പെടുകയും കരാറുകളിൽ ഒപ്പിടാൻ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. തങ്ങളുടെ സൈനിക തന്ത്രങ്ങൾ പഠിക്കാൻ പല രാജ്യങ്ങളും ആവശ്യപ്പെടാറുണ്ടെന്നും, അതിനാൽ പുറമേ കാണുന്നതല്ല പല രാജ്യങ്ങളുമായുള്ള യഥാർത്ഥ ബന്ധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, ഇസ്രായേൽ തങ്ങളുടെ ഏക ശക്തമായ സഖ്യകക്ഷിയായ അമേരിക്കയുമായുള്ള ബന്ധം വഷളാക്കരുതെന്ന് ജെ.ഡി. വാൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനുമായി യു.എസ് ഒപ്പുവെച്ച വെടിനിർത്തൽ കരാറിനെ ന്യായീകരിക്കുന്നതിനിടെയായിരുന്നു വാൻസിന്റെ വിവാദ പരാമർശം.

അമേരിക്കയും ഇറാനും തമ്മിലുള്ള കരാർ പ്രകാരം ഇസ്രായേൽ ലബനാനിൽനിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന വ്യവസ്ഥയുണ്ട്. എന്നാൽ, ഈ ആവശ്യം അംഗീകരിക്കാൻ ഇസ്രായേൽ ഇതുവരെ തയ്യാറായിട്ടില്ല. ഇതിനിടെ, ലബനാനിലെ ചില ക്രിസ്ത്യൻ ഗ്രാമങ്ങൾ തങ്ങളെ ഇസ്രായേലിൽ ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായി നെതന്യാഹു അവകാശപ്പെട്ടു. ഹിസ്ബുല്ല ഭീകരരിൽ നന്ന് സംരക്ഷണം ലഭിക്കുന്നതിന് വേണ്ടിയാണ് തങ്ങൾ ഈ ഗ്രാമങ്ങളെ സഹായിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

Tags