മദ്യപിച്ച് വിമാനം പറത്താൻ ശ്രമിച്ചെന്ന് സംശയം: എയർ ഇന്ത്യ പൈലറ്റ് കസ്റ്റഡിയിൽ
ഒട്ടാവ: മദ്യപിച്ച് വിമാനം പറത്താൻ ശ്രമിച്ചെന്ന സംശയത്തെ തുടർന്ന് എയർ ഇന്ത്യ പൈലറ്റ് കാനഡയിൽ കസ്റ്റഡിയിൽ. എഐ 186 കാനഡ - ദില്ലി ബോയിംഗ് വിമാനത്തിലെ പൈലറ്റിനെയാണ് വിമാനം പറത്തുന്നതിന് തൊട്ട് മുൻപ് കസ്റ്റഡിയിലെടുത്തത്. രണ്ട് മണിക്കൂർ യാത്ര വൈകിയതിൽ എയർ ഇന്ത്യ യാത്രക്കാരോട് മാപ്പ് ചോദിച്ചു. എയർ ഇന്ത്യയും ഡി ജി സി എയും അന്വേഷണം തുടങ്ങി.
tRootC1469263">വാൻകൂവർ വിമാനത്താവളത്തിൽ ഡിസംബർ 23നായിരുന്നു സംഭവം. വാൻകൂവർ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ സ്റ്റോറിലെ ജീവനക്കാരൻ കനേഡിയൻ അധികൃതരെ അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്. പൈലറ്റ് ഡ്യൂട്ടി ഫ്രീ സ്റ്റോറിൽ നിന്ന് മദ്യം വാങ്ങാൻ വന്നപ്പോൾ മദ്യപിച്ചിരുന്നതായി തോന്നി എന്നാണ് ഡ്യൂട്ടി ഫ്രീ സ്റ്റോറിലെ ജീവനക്കാരൻ അറിയിച്ചത്. മദ്യത്തിന്‍റെ മണം അനുഭവപ്പെട്ടു എന്നാണ് ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ജീവനക്കാരൻ അറിയിച്ചത്.
തുടർന്ന് പൈലറ്റിനെ ബ്രെത്ത് അനലൈസർ (ബിഎ) പരിശോധനയ്ക്ക് വിധേയനാക്കി. ഈ പരിശോധനയിൽ പൈലറ്റ് പരാജയപ്പെട്ടു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൈലറ്റിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഈ നടപടിക്രമങ്ങൾക്കിടെ രണ്ട് മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്. പ്രാദേശിക സമയം ഉച്ച കഴിഞ്ഞ് 3 മണിക്കാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. മറ്റൊരു പൈലറ്റിനെ ക്രമീകരിക്കാൻ എയർ ഇന്ത്യയ്ക്ക് കഴിഞ്ഞതിനാൽ രണ്ട് മണിക്കൂർ വൈകിയെങ്കിലും വിമാനം പുറപ്പെട്ടു. വിയന്ന വഴിയാണ് വിമാനം ദില്ലിയിൽ എത്തിയത്. നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർ തീരുമാനങ്ങൾ. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് എല്ലായ്‌പ്പോഴും മുൻഗണന നൽകുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു.
.jpg)


