ഫിലിപ്പീൻസിൽ പരിശീലന പറക്കലിനിടെ വ്യോമസേനാ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; നാല് പൈലറ്റുമാർക്ക് ദാരുണാന്ത്യം
മനില: ഫിലിപ്പീൻസിൽ പരിശീലന പറക്കലിനിടെ രണ്ട് വ്യോമസേനാ വിമാനങ്ങൾ കൂട്ടിയിടിച്ച് തകർന്ന് വിമാനങ്ങളിലുണ്ടായിരുന്ന നാല് പൈലറ്റുമാരും കൊല്ലപ്പെട്ടു. ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയ്ക്ക് തെക്കുള്ള ബറ്റാംഗാസ് പ്രവിശ്യയിലെ ലിപ നഗരത്തിലുള്ള ഫെർണാണ്ടോ വ്യോമതാവളത്തിലാണ് ദാരുണമായ സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് താഴ്ന്ന ഉയരത്തിൽ പറക്കുന്നതിനിടെ എസ്.എഫ്-260 (SF-260) വിഭാഗത്തിൽപ്പെട്ട രണ്ട് ട്രെയിനർ വിമാനങ്ങൾ ആകാശത്തുവെച്ച് പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. തകർന്നുവീണ വിമാനങ്ങളിലൊന്ന് സൈനികരുടെ താമസകെട്ടിടത്തിന് സമീപമാണ് പതിച്ചതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. എന്നാൽ, എയർ ബേസിന് പുറത്തുള്ള പൗരന്മാർക്കാർക്കും അപകടത്തിൽ പരുക്കേറ്റിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. സംഭവത്തിൽ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയെന്ന നിലയിൽ സേനയിലുള്ള ശേഷിക്കുന്ന എസ്.എഫ്-260 വിമാനങ്ങളുടെ സർവീസ് താൽക്കാലികമായി നിർത്തിവെച്ചു.ഫിലിപ്പീൻസ് വ്യോമസേനാ വൃത്തങ്ങൾ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധികൾ കാരണം കര, നാവിക, വ്യോമസേനകളെ ആധുനികവത്കരിക്കാൻ ദീർഘകാലമായി ബുദ്ധിമുട്ടുന്ന ഫിലിപ്പീൻസ് സൈന്യത്തിന് വലിയ തിരിച്ചടിയാണ് ഈ ദുരന്തം. നിലവിൽ വ്യോമസേനയുടെ പക്കൽ എത്ര എസ്.എഫ്-260 വിമാനങ്ങൾ ബാക്കിയുണ്ടെന്ന വിവരങ്ങൾ സുരക്ഷാ കാരണങ്ങളാൽ അധികൃതർ പുറത്തുവിട്ടിട്ടില്ല.
.jpg)


