അഫ്‌ഗാൻ ഭൂകമ്പം: മരണസംഖ്യ ഉയരുന്നു; ഇന്ത്യയും യുഎന്നും സഹായവുമായി
കിഴക്കൻ അഫ്ഗാനിസ്ഥാനിൽ 800-ലധികം പേർ കൊല്ലപ്പെടുകയും 2800-ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്ത ഭൂകമ്പത്തിൽ സഹായവുമായി ഇന്ത്യ. ഭൂകമ്പമേഖലയിലേക്ക് ഇന്ത്യ മാനുഷിക സഹായം അയച്ചെന്ന കാര്യം വിദേശകാര്യ മന്ത്രാലയം എക്‌സ് പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. അരിയും ധാന്യങ്ങളും മറ്റ് ഭക്ഷണ വസ്‌തുക്കളും അടക്കമുള്ള 15 ടണ്ണോളം സാധനങ്ങൾ കയറ്റിയ ട്രക്കുകളുടെ ചിത്രവും മന്ത്രാലയം പങ്കുവച്ചു.
തിങ്കളാഴ്ച രാവിലെയാണ് റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അഫ്ഗാനെ പിടിച്ച് കുലുക്കിയത്. മരണസംഖ്യ ആയിരത്തോളം അടുക്കുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അഫ്ഗാന് ഏകദേശം അഞ്ച് മില്യൺ ഡോളറിന്‍റെ സഹായവുമായി യുഎന്നും ദുരന്തമുഖത്തുണ്ട്.
ഭൂകമ്പത്തിൽ കുനാർ, ലാഗ്മാൻ, നംഗർഹാർ, നൂറിസ്ഥാൻ എന്നീ നാല് പ്രവിശ്യകളിലായി കുറഞ്ഞത് 800 പേർ കൊല്ലപ്പെട്ടതായും പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം 12,000 പേരെ ദുരന്തം നേരിട്ട് ബാധിച്ചതായും യുഎൻഒസിഎച്ച്എ റിപ്പോർട്ട് പറയുന്നു.
ദുരന്തത്തെ തുടർന്ന് അഫ്ഗാൻ വിദേശകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്തഖിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സംസാരിച്ചു. അദ്ദേഹത്തെ അനുശോചനം അറിയിക്കുകയും ആവശ്യമുള്ള സഹായങ്ങൾ വാഗ്ദാനം ചെയ്‌തതായും മന്ത്രി അറിയിച്ചു.
.jpg)

