റഷ്യയില്‍ നാല് വര്‍ഷത്തിലേറെയായി തടവില്‍ കഴിഞ്ഞിരുന്ന അമേരിക്കന്‍ പൗരന്‍ മോചിതനായി

us man

തടവുകാരെ പരസ്പരം കൈമാറാതെ തന്നെ, തന്റെ നേരിട്ടുള്ള അഭ്യര്‍ത്ഥന പരിഗണിച്ചാണ് പുടിന്‍ ഹബ്ബാര്‍ഡിനെ മോചിപ്പിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 'ട്രൂത്ത് സോഷ്യല്‍' വഴി വ്യക്തമാക്കി.

യുക്രൈന്‍ സൈന്യത്തിനായി പോരാടിയെന്നാരോപിച്ച് റഷ്യയില്‍ നാല് വര്‍ഷത്തിലേറെയായി തടവില്‍ കഴിഞ്ഞിരുന്ന അമേരിക്കന്‍ പൗരന്‍ സ്റ്റീഫന്‍ ഹബ്ബാര്‍ഡ് (74) മോചിതനായി. സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ വെച്ച് യുഎസ് പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇദ്ദേഹത്തിന്റെ മോചനവാര്‍ത്ത ഔദ്യോഗികമായി പുറത്തുവന്നത്. തടവുകാരെ പരസ്പരം കൈമാറാതെ തന്നെ, തന്റെ നേരിട്ടുള്ള അഭ്യര്‍ത്ഥന പരിഗണിച്ചാണ് പുടിന്‍ ഹബ്ബാര്‍ഡിനെ മോചിപ്പിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 'ട്രൂത്ത് സോഷ്യല്‍' വഴി വ്യക്തമാക്കി.

റഷ്യയ്ക്കെതിരെ ചുമത്താനിരുന്ന പുതിയ സാമ്പത്തിക ഉപരോധങ്ങള്‍ വൈറ്റ് ഹൗസ് മാറ്റിവെച്ചതിന് പിന്നാലെയാണ് ഈ നിര്‍ണായക നയതന്ത്ര വിജയം. ദീര്‍ഘകാലത്തെ തടവുകാരണം ആരോഗ്യനില മോശമായ ഹബ്ബാര്‍ഡിനെ അടിയന്തര പരിശോധനകള്‍ക്കായി ടെക്‌സാസിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റും. റഷ്യ അനധികൃതമായി തടങ്കലില്‍ വെച്ചിരുന്ന അമേരിക്കന്‍ പൗരന്മാരില്‍ അവസാനത്തെയാളാണ് ഹബ്ബാര്‍ഡ് എന്നാണ് ലഭ്യമാകുന്ന വിവരം. കൂടിക്കാഴ്ചയ്ക്കിടെ റഷ്യന്‍ പ്രസിഡന്റ് പുടിനെ 'മാനവികതാവാദി' എന്ന് വിശേഷിപ്പിച്ച് വിറ്റ്‌കോഫ് പ്രശംസിച്ചത് യുഎസ് കോണ്‍ഗ്രസിലും പ്രാദേശിക മാധ്യമങ്ങളിലും വലിയ രാഷ്ട്രീയ വഗ്വാദങ്ങള്‍ക്ക് വഴിതുറന്നിട്ടുണ്ട്.

Tags