പ്രമുഖ അമേരിക്കന്‍ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകയെ ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ വെച്ച് ആയുധ ധാരികളായ സംഘം തട്ടിക്കൊണ്ടുപോയി

shelly kittleson

ഇറാഖിലെ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് അങ്ങോട്ടേക്ക് യാത്ര ചെയ്യരുതെന്ന് ട്രംപ് ഭരണകൂടം ഇവര്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പുരസ്‌കാര ജേതാവായ പ്രമുഖ അമേരിക്കന്‍ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തക ഷെല്ലി കിറ്റില്‍സണെ ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ വെച്ച് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ഇറാഖിലെ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് അങ്ങോട്ടേക്ക് യാത്ര ചെയ്യരുതെന്ന് ട്രംപ് ഭരണകൂടം ഇവര്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

തിരക്കേറിയ റോഡില്‍ വെച്ച് ആയുധധാരികളായ സംഘം ഷെല്ലിയുടെ കാര്‍ തടഞ്ഞുനിര്‍ത്തുകയും അവരെ ബലമായി പുറത്തിറക്കി മറ്റൊരു വാഹനത്തില്‍ കയറ്റി കൊണ്ടുപോകുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അല്‍ അറേബ്യ ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. തട്ടിക്കൊണ്ടുപോയവരെ സുരക്ഷാ സേന പിന്തുടരുന്നതിനിടെ കുറ്റവാളികളുടെ ഒരു വാഹനം മറിഞ്ഞു. ഈ വാഹനത്തിലുണ്ടായിരുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ട് കാറുകളിലായാണ് അക്രമിസംഘം എത്തിയത്. ഇതില്‍ ഷെല്ലിയുമായി രണ്ടാമത്തെ കാര്‍ ബാഗ്ദാദിന്റെ തെക്കന്‍ മേഖലയിലേക്ക് കടന്നുകളഞ്ഞു. ഇവര്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. 

Tags