ഇറാനില്‍ നിന്നുള്ള യാത്രാവിമാനം സൗദിയുടേയും ഇസ്രയേലിന്റെയും യുദ്ധ വിമാനങ്ങള്‍ തടയാന്‍ ശ്രമിച്ചതായി ഹൂതി വിമതര്‍
വെള്ളിയാഴ്ച പുലര്‍ച്ചെ 5:20-ഓടെയാണ് സംഭവം നടന്നതെന്ന് ഹൂത്തി വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു.
സൗദി അറേബ്യയുടെയും ഇസ്രായേലിന്റെയും യുദ്ധവിമാനങ്ങള്‍ യെമന്റെ വ്യോമാതിര്‍ത്തി ലംഘിച്ചുകൊണ്ട് ഇറാനില്‍ നിന്നുള്ള യാത്രാവിമാനം തടയാന്‍ ശ്രമിച്ചതായി ഹൂതി വിമതര്‍. വിമാന താവള ഉപരോധം മറികടന്നാണ് ഇറാന്‍ വിമാനം യെമനില്‍ ഇറങ്ങിയതെന്നും ഹൂതി വിമതരുടെ വക്താവ് അവകാശപ്പെട്ടു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്നും പരിക്കേറ്റവരും രോഗികളുമായ 200-ലധികം യെമന്‍ പൗരന്മാരുമായി സനായിലേക്ക് വരികയായിരുന്ന സിവില്‍ വിമാനത്തെയാണ് സൗദി വിമാനങ്ങള്‍ തടയാന്‍ ശ്രമിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 5:20-ഓടെയാണ് സംഭവം നടന്നതെന്ന് ഹൂത്തി വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാല്‍ യെമന്‍ സായുധ സേന വ്യോമ പ്രതിരോധ മിസൈലുകള്‍ ഉപയോഗിച്ച് സൗദി യുദ്ധവിമാനങ്ങളെ പ്രതിരോധിച്ചതായും ഇതേത്തുടര്‍ന്ന് സൗദി വിമാനങ്ങള്‍ക്ക് പിന്മാറേണ്ടി വന്നതായും ഹൂത്തികള്‍ അവകാശപ്പെട്ടു. കഴിഞ്ഞ 11 വര്‍ഷമായി യെമന്‍ കടുത്ത ഉപരോധത്തിലാണ് കഴിയുന്നത്. അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത പ്രതിനിധി സംഘവും ഈ വിമാനത്തിലുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
സംഭവത്തിന് പിന്നാലെ സൗദി അറേബ്യയ്ക്ക് നേരെ കടുത്ത മുന്നറിയിപ്പുമായി ഹൂതികള്‍ രംഗത്തെത്തി. തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിക്കാനോ രാജ്യത്തിന് നേരെ ആക്രമണം നടത്താനോ വീണ്ടും ശ്രമിച്ചാല്‍ സൗദിയിലെ വിമാനത്താവളങ്ങളും മറ്റ് തന്ത്രപ്രധാനമായ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് ഹൂതികളുടെ ഭീഷണി.
.jpg)

